മതസൗഹാര്‍ദം അനിവാര്യം: പി.ടി. തോമസ്
Saturday, September 11, 2021 12:54 AM IST
കൊച്ചി: കേരളത്തിലെ മതസൗഹര്‍ദം മുറിപ്പെടുത്തുന്ന നിലപാടുകള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി. തോമസ് എംഎല്‍എ. കേരളത്തില്‍ എക്കാലവും മതസൗഹാര്‍ദത്തിന്റെ പതാകാവാഹകരായിരുന്നവരാണ് കത്തോലിക്ക സമൂഹം. ഈ ചിന്തയ്ക്കും ധാരണയ്ക്കും ചെറിയ തോതിൽ പോലും കോട്ടംതട്ടാന്‍ പാടില്ല.
കേരളത്തില്‍ ഏറ്റവുമധികം മതപ്രീണനം നടത്തിയിട്ടുള്ളത് സിപിഎമ്മും പിണറായി വിജയനുമാണ്. മന്ത്രിസഭാ രൂപീകരണ കാലഘട്ടം മുതല്‍ അതു ദൃശ്യമാണ്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ സംഘപരിവാര്‍ അജൻഡ നടപ്പാക്കുന്ന വൈസ് ചാന്‍സലറെ പിന്തുണയ്ക്കുന്ന സിപിഎം നേതാക്കളെയും കേരളസമൂഹം കണ്ടു.
മതനിരപേക്ഷതയുടെ കാവലാളാണെന്നു സ്വയം പ്രഖ്യാപിക്കുകയും കുരങ്ങന് അപ്പം മുറിക്കുന്നതുപോലെ തക്കം കിട്ടുമ്പോള്‍ തരാതരം സമുദായ സംഘടനകളെ വട്ടം ചുറ്റിക്കുകയും തട്ടിക്കളിക്കുകയും ചെയ്യുന്ന സിപിഎം സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും പി.ടി. തോമസ് പറഞ്ഞു.