മദ്യം ഓൺലൈൻ ബുക്കിംഗ് സൗകര്യം ഇനി എല്ലാ ജില്ലകളിലും
Thursday, September 16, 2021 12:36 AM IST
തിരുവനന്തപുരം: മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കി ബിവറേജസ് കോർപ്പറേഷൻ.
ഷോപ്പുകളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായും തിരക്ക് ഒഴിവാക്കുവാനുമാണ് പദ്ധതി ആവിഷ്കരിച്ചത്. www. ksbc.co.in വഴി ബെവ്സ്പിരിറ്റ് എന്ന പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കൾക്ക് മദ്യം ബുക്ക് ചെയ്യാം.
ഉപഭോക്താക്കൾക്ക് വീട്ടിലോ സൗകര്യപ്രദമായ മറ്റെവിടെയെങ്കിലുമോ ഇരുന്നു ആവശ്യമുള്ള ബ്രാൻഡ് മദ്യം തിരഞ്ഞെടുത്തു മുൻകൂർ പണമടച്ചു ബുക്ക് ചെയ്യാനാവും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന കോഡുമായി ഔട്ട്ലെറ്റിൽ എത്തിയാൽ ക്യൂവിൽ നിൽക്കാതെ ഇതിനായി പ്രത്യേകം പ്രവർത്തിക്കുന്ന കൗണ്ടറിൽനിന്നു മദ്യം ലഭിക്കും.
ഓഗസ്റ്റ് 17ന് ആരംഭിച്ച സംവിധാനത്തിലൂടെ ഇതു വരെ 27 ലക്ഷം രൂപയുടെ മദ്യവിൽപന നടന്നു. ബുക്കിംഗ് സംബന്ധമായ പരാതികൾ ഉപഭോക്താക്കൾക്ക് [email protected] ലോ 9946832100 എന്ന നമ്പറിലോ അറിയിക്കാം.