ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം; പ്രതിഷേധ ധർണ നടത്തുമെന്ന് കെഎച്ച്ആര്‍എ
Tuesday, September 21, 2021 12:46 AM IST
കോഴിക്കോട്: പ്രൈമറി വിദ്യാലയങ്ങള്‍ വരെ തുറക്കാന്‍ തീരുമാനമെടുത്ത സംസ്ഥാന സര്‍ക്കാര്‍ ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കാത്തത് കടുത്ത വിവേചനമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്.
ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുവാന്‍ സംഘടന തീരുമാനിച്ചു.
സമരത്തിന്റെ ആദ്യഘട്ടമായി സെക്രട്ടേറിയറ്റ് നടയില്‍ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ നാളെ ധർണ നടത്തും. ധർണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യൂണിറ്റുകളിലും പ്രതിഷേധ പ്രകടനവും നടത്തും.
ഹോട്ടല്‍ മേഖലയെ സംരക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടിഹാജിയും ജനറല്‍സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.