മൂവാറ്റുപുഴ വിജിലൻസ് കോടതി പ്രവർത്തനം അവതാളത്തിൽ
Wednesday, September 22, 2021 12:31 AM IST
മൂവാറ്റുപുഴ: സംസ്ഥാനത്താകെ അനുവദിച്ച ആറു വിജിലൻസ് കോടതികളിലൊന്നായ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പ്രവർത്തനം അവതാളത്തിൽ. കഴിഞ്ഞ മാസം, വിജിലൻസ് ജഡ്ജിയായിരുന്ന ജോബിൻ സെബാസ്റ്റ്യൻ തലശേരിയിലേക്കു സ്ഥലം മാറിപ്പോയതോടെയാണു മൂവാറ്റുപുഴ കോടതിയുടെ പ്രവർത്തനം സ്തംഭിച്ചത്.
ഇപ്പോൾ തൃശൂർ വിജിലൻസ് കോടതിക്കാണു ചുമതല. അടിയന്തരപ്രാധാന്യമുള്ള വിഷയം മാത്രമാണ് അവിടെ പരിഗണിക്കുക. അഭിഭാഷകർക്കും കക്ഷികൾക്കും ഏറെ ബുദ്ധിമുട്ടാണ് ഇതുമൂലം ഉണ്ടാകുന്നത്.
കോട്ടയം വിജിലൻസ് കോടതിയിലും ഇപ്പോൾ ജഡ്ജിയില്ല. അഡീഷണൽ ജില്ലാ ജഡ്ജിമാരുടെ കുറവ് ജഡ്ജി നിയമനം വൈകാൻ കാരണമാകുന്നുണ്ട്. ഇതുവരെ വിജിലൻസ് ജഡ്ജി പോസ്റ്റിലേക്ക് ആരും അപേക്ഷ നൽകാത്തതും നിയമനത്തിനു തടസമാകുന്നു.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ ഇല്ലാതായിട്ടും മാസങ്ങളായി. തൃശൂർ പ്രോസിക്യൂട്ടർക്കാണ് ഇപ്പോൾ ചുമതല. ആഴ്ചയിൽ മൂന്നു ദിവസം പ്രോസിക്യൂട്ടർ ഇവിടെ വന്ന് കേസുകൾ നടത്തുന്ന രീതിയിലാണു ക്രമീകരണം.