ബിജെപിയിലും അച്ചടക്കത്തിനു സമിതി
Wednesday, September 22, 2021 12:31 AM IST
കോഴിക്കോട്: ബിജെപി കേരള ഘടകത്തിലും അച്ചടക്കവാള്‍ ഉയരുന്നു. തെരഞ്ഞെടുപ്പു തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും പ്രചാരണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കാനാണു തീരുമാനം.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അഞ്ചു സംഘങ്ങളായി തിരിച്ചു മുഴുവന്‍ മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരുടെ നിര്‍ദേശവും അഭിപ്രായവും ക്രോഡീകരിച്ചാണ് പുനഃസംഘടനയും തുടര്‍നടപടികളും തീരുമാനിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു കാലയളവില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും ഒന്നുമില്ല എന്ന രീതിയിലുള്ള മനോഭാവം മാറ്റിയെടുക്കണം. പാര്‍ട്ടിവിരുദ്ധ പ്രസ്താവനകള്‍ നടത്തിയാല്‍ അച്ചടക്കനടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാവും സമിതിപ്രവര്ത്തിക്കുക. കുമ്മനത്തിനു പുറമേ ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ എന്നിവരും അച്ചടക്കസമിതിയില്‍ അംഗമാണ്.
മുമ്പു നടന്ന അച്ചടക്കലംഘനങ്ങളും സമിതിയുടെ പരിഗണനയില്‍ വരും. കാലതാമസമില്ലാതെ നടപടിയെടുക്കും. അടുത്ത ലോക്സഭാതെരഞ്ഞെടുപ്പിനു മുമ്പു നടപടികള്‍ പൂര്‍ത്തിയാക്കും.