ശബരിമല വിമാനത്താവളം: വീഴ്ച ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പരിഹസിച്ചെന്ന് ചെന്നിത്തല
Wednesday, September 22, 2021 12:31 AM IST
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ കടുത്ത അലംഭാവം കാട്ടുകയും കള്ളക്കളി നടത്തുകയുമാണെന്ന് ഒരു വർഷം മുൻപുതന്നെ താൻ ചൂണ്ടിക്കാട്ടിയിരുന്നതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അന്നു താൻ പറഞ്ഞത് ഗൗരവമായി എടുത്ത് തിരുത്തൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ സംസ്ഥാനം സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് തള്ളിക്കളയുകയില്ലായിരുന്നു. അന്നു വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ പതിവുപോലെ തന്നെ പരിഹസിച്ചു രക്ഷപ്പെടാനാണു മുഖ്യമന്ത്രി ശ്രമിച്ചത്.
ഇപ്പോഴാകട്ടെ അദ്ദേഹം ഒന്നും പറയുന്നില്ല. ഇനിയെങ്കിലും സർക്കാർ കള്ളക്കളി അവസാനിപ്പിച്ച് ആത്മാർഥമായ സമീപനം സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.