നോക്കുകൂലി നൽകിയില്ല; കരാറുകാരന് ചുമട്ടുതൊഴിലാളികളുടെ ക്രൂര മർദനം
Friday, September 24, 2021 1:49 AM IST
പോത്തൻകോട് : നോക്കുകൂലി നൽകാൻ വിസമ്മതിച്ച കരാറുകാരന് സിഐടിയു , ഐഎൻടിയുസി തൊഴിലാളികളുടെ ക്രൂര മർദനത്തിൽ അഞ്ചു പേർ അറസ്റ്റിൽ. കടുവാക്കുഴി സ്വദേശികളായ നെടുവേലി തടത്തരികത്തു തുളസീധരൻ നായർ (55), വി.ജി ഭവനിൽ വേണുഗോപാലൻ നായർ (55),വിളയിൽ പുത്തൻവീട്ടിൽ വിജയകുമാർ (54), നന്ദനത്തിൽ ജയകുമാർ (50), താന്നിവിള പുത്തൻവീട്ടിൽ അനിൽകുമാർ (45) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പോത്തൻകോട് നന്നാട്ടുകാവ് കടുവാക്കുഴിയിലാണ് വീടുനിർമാണ കരാറുകാരനായ മണികണ്ഠനെ സിഐടിയു, ഐഎൻടിയുസി യൂണിയൻ തൊഴിലാളികൾ മർദിച്ചത്.
ചെങ്ങന്നൂർ സ്വദേശി അശോകൻ പോറ്റിക്കു വയ്ക്കുന്ന വീടിന്റെ പണിക്കായി ഇവർ എത്തിയപ്പോഴാണ് നോക്കുകൂലി ആവശ്യവുമായി ചുമട്ടുതൊഴിലാളികളുടെ രംഗപ്രവേശം. വീടിന്റെ കോൺക്രീറ്റിംഗിനു വേണ്ടി ബുധനാഴ്ച കമ്പി ഇറക്കിയതുമായി ബന്ധപ്പെട്ട് സിഐടിയു , ഐഎൻടിയുസി പ്രവർത്തകർ 10,000 രൂപ നോക്കുകൂലി ആവശ്യപ്പട്ടിരുന്നു. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് മണികണ്ഠൻ ഇവരെ അറിയിച്ചു. ഇതിനുപിന്നാലെയാണ് ആക്രമണമുണ്ടായത്.
മണികണ്ഠനും മൂന്നു തൊഴിലാളികൾക്കുമാണ് മർദനമേറ്റത്.ഇതു മൊബൈലിൽ പകർത്തിയയാളെയും ഇവർ മർദിച്ചു.