വി.കെ അബ്ദുൾഖാദര്‍ മൗലവി അന്തരിച്ചു
Friday, September 24, 2021 10:29 PM IST
കണ്ണൂര്‍: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദര്‍ മൗലവി (79) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് കണ്ണൂർ സിറ്റി ജുമാഅത്ത് പള്ളിയിൽ പ്രാർത്ഥനയ്ക്കുശേഷം വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ കണ്ണൂര്‍ താണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നോടെ മരിച്ചു.
കബറടക്കം ഇന്നു രാവിലെ എട്ടിന് സിറ്റി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: സുലൈഖ. മകൾ: റയീസ. മരുമകൻ: എസ്.എ.പി. ഇസ്മാഈല്‍. സഹോദരങ്ങൾ: പരേതരായ ബീഫാത്തു, അബൂബക്കര്‍.
മൗലവി 1970 മുതല്‍ 27 വര്‍ഷക്കാലം അഴീക്കല്‍ കിഫായത്തുല്‍ ഇസ്ലാം മദ്രസ സ്കൂളില്‍ അറബി അധ്യാപകനായിരുന്നു. മതസൗഹാര്‍ദത്തിനും സമുദായ ഐക്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച അദ്ദേഹം കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
കണ്ണൂര്‍ സ്പിന്നിംഗ് മില്‍, കയര്‍ഫെഡ് എന്നിവയുടെ മുൻ ഡയറക്ടറും ഹാന്‍വീവിന്റെയും ടെക്സ്റ്റൈൽ കോര്‍പറേഷന്റെയും മുൻ ചെയര്‍മാനുമായിരുന്നു. കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ മെംബറായും ജില്ലാ പഞ്ചായത്ത് മെംബറായും മാടായി ഡിവിഷനെ രണ്ടുതവണ പ്രതിനിധീകരിച്ചു. 2006 ല്‍ പെരിങ്ങളം നിയോജകമണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കെ.പി. മോഹനനോടു പരാജയപ്പെട്ടു.