സഹകരണ നിയമ ഭേദഗതി: മൂന്നംഗ സമിതിയെ നിയോഗിച്ചു
Saturday, September 25, 2021 12:56 AM IST
തിരുവനന്തപുരം: സമഗ്ര സഹകരണ നിയമ ഭേദഗതിയുടെ കരട് ബിൽ തയാറാക്കുന്നതിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. റിട്ട. അഡീഷണൽ രജിസ്ട്രാർ ജോസ് ഫിലിപ്പ്, സഹകരണ പരിശീലന കേന്ദ്രം റിട്ട. പ്രിൻസിപ്പൽ മദന ചന്ദ്രൻ നായർ, റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ എൻ. ബി. പ്രദീപ് കുമാർ എന്നിവരാണ് സമിതിയിലുള്ളത്.
സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിലെ ലോ ഓഫീസറായിരിക്കും സമിതിയുടെ കൺവീനർ. ദൈനംദിന നടപടികൾക്കും മറ്റുമായി കാട്ടാക്കട രജിസ്ട്രാർ ജയചന്ദ്രൻ, ഐടി നോഡൽ ഓഫീസർ അയ്യപ്പൻ നായർ, അസിസ്റ്റന്റ് രജിസ്ട്രാർ ബിജു പ്രസാദ്, പത്മകുമാർ തുടങ്ങിയ ഉദ്യോഗസ്ഥരെയും നിയമിച്ചു.
സമീപകാലത്ത് സഹകരണ സംഘങ്ങളിലുണ്ടായ ആശാസ്യകരമല്ലാത്ത പ്രവണതകൾക്കെതിരെ കടുത്ത നിലപാടെടുക്കുന്നതിനും ക്രമക്കേടുകൾക്ക് ഗൗരവ നടപടി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നിയമ ഭേദഗതിക്ക് സർക്കാർ തീരുമാനിച്ചത്.