നാലാമൂഴത്തിൽ സ്വപ്നനേട്ടം; കേരളത്തിൽ മുന്നിൽ മീര
Saturday, September 25, 2021 12:56 AM IST
തൃശൂർ: സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിന് അഭിമാനമായി തിരൂർ സ്വദേശി മീര നായർ. നാലാം പരിശ്രമത്തിൽ ദേശീയതലത്തിൽ ആറാംറാങ്ക് നേടിയാണ് മീരയുടെ നേട്ടം. സംസ്ഥാനതലത്തിലെ ഏറ്റവും ഉയർന്ന റാങ്കാണ് ഇത്.
തിരൂർ പോട്ടോർ റോഡിലെ കണ്ണൂർ വീട്ടിൽ രാമദാസന്റെയും രാധികയുടെയും മകളാണ്. എറണാകുളത്തായിരുന്നു സിവിൽ സർവീസ് പരിശീലനം. ഗവ. എൻജിനിയറിംഗ് കോളജിൽ ബിടെക് പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസിനായി പരിശ്രമിച്ചത്.
പോട്ടോർ സിബിഎസ്ഇ സ്കൂളിലായിരുന്നു പ്ലസ്ടു വരെ പഠനം. റാങ്ക് ജേതാവിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു.
മന്ത്രി കെ. രാജൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, മുൻ റാങ്ക് ജേതാക്കളായ ജില്ലാ കളക്ടർ ഹരിത വി. കുമാർ എന്നിവർ വീട്ടിൽ നേരിട്ടെത്തിയും സ്പീക്കർ കെ. രാധാകൃഷ്ണൻ, മുൻ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, സബ് കളക്ടർ രേണു രാജ് എന്നിവർ ഫോണിലും മീരയ്ക്ക് അനുമോദനം അറിയിച്ചു. പിതാവ് രാമദാസൻ ബിൽഡിംഗ് കോണ്ട്രാക്ടറാണ്. സഹോദരി വൃന്ദ.