ആംബുലൻസ് അപകടത്തിൽപെട്ടു കോവിഡ് രോഗി മരിച്ചു
Saturday, September 25, 2021 11:26 PM IST
അരൂർ: കോവിഡ് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ടു മരത്തിലിടിച്ചു രോഗി മരിച്ചു. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.
കൊല്ലം തിരുമുല്ലവാരം ശ്രീവൈകുണ്ഠത്തിൽ പൊന്നപ്പൻ പിള്ളയുടെ ഭാര്യ ഷീബ പി. പിള്ള (66) ആണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ കൊല്ലം ശ്രീകണ്ഠവിലാസം സന്തോഷ് (36), ഷീബയുടെ മകൻ ഡോ. മഞ്ജുനാഥ് (37), മരുമകൾ ഡോ. ദേവിക (32) എന്നിവരെ നെട്ടൂർ ലേക്ക് ഷോർ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഡയാലിസിസ് രോഗിയായ ഷീബയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ഇടപ്പള്ളി അമൃത ആശുപത്രിയിലേക്ക് പോകുന്ന വഴി ദേശീയപാതയിൽ എരമല്ലൂർ കവലയ്ക്ക് തെക്കുഭാഗത്ത് ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു അപകടം.
മരത്തിൽ ഇടിച്ചതിന്റെ ആഘാതത്തിൽ ആംബുലൻസിന്റെ പിൻഭാഗത്തെ വാതിൽ താനെ തുറന്നു സ്ട്രക്ച്ചറോടുകൂടി രോഗി റോഡിൽ വീണു.
ഐസിയു ആംബുലൻസായതിനാൽ ശരീരത്തിൽ ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നു. ഉപകരണങ്ങളുമായി കിടന്ന രോഗിയെ ആദ്യം ആരും തൊട്ടില്ല.
പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയശേഷം മറ്റൊരു വാഹനത്തിൽ എത്തിയയാളാണ് ഷീബയെ ആശുപത്രിയിലെത്തിച്ചത്. ഇയാൾ പിന്നീട് ക്വാറന്റൈനിലായി. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്പോൾ മുന്നിലുള്ള വാഹനത്തെ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചതാണ് അപകടത്തിനു കാരണമെന്ന് പറയപ്പെടുന്നു.
കൊല്ലം എൻഎസ് കോ-ഓപ്പറേറ്റീവ് ആശുപത്രിയുടേതാണ് ആംബുലൻസ്. മക്കൾ: ഡോ. അഞ്ജലി (ഒമാൻ), അഡ്വ. രഞ്ജിനി (കേരള ലോ അക്കാഡമി പ്രഫസർ), ഡോ. മഞ്ജുനാഥ് (എൻ.എസ്. ആശുപത്രി, കൊല്ലം). മരുമക്കൾ: ഡോ. പ്രേം ഹരിദാസ് (തിരുവനന്തപുരം മെഡിക്കൽ കോളജ്), ഡോ. സജിത്ത് കെ. നായർ (നെഫ്രോളജിസ്റ്റ്, ഓസ്ട്രേലിയ), ഡോ. ദേവിക (എൻഎസ് ആശുപത്രി, കൊല്ലം).