സുധീരനും ഇടയുന്നു ; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽനിന്നു രാജിവച്ചു
Sunday, September 26, 2021 12:45 AM IST
തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം. സുധീരൻ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽനിന്നു രാജിവച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റിനു കൈമാറാനായി ഏൽപ്പിച്ചു. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിന്റെ പേരിൽ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി പരിഹരിച്ചതിനു പിന്നാലെ സുധീരന്റെ രാജി നേതൃത്വത്തിനു പുതിയ തലവേദനയായി.
പുതിയ നേതൃത്വത്തിനു കീഴിൽ പാർട്ടിയിൽ കാര്യമായ കൂടിയാലോചനകൾ നടക്കാത്തതിൽ സുധീരൻ അതൃപ്തനാണെന്നു പറയപ്പെടുന്നു. ഇതാണു രാജിയിലേക്കു നയിച്ചതെന്നാണു കരുതപ്പെടുന്നത്. രാജിയെക്കുറിച്ചു മാധ്യമങ്ങളോടു വിശദീകരിക്കാൻ സുധീരൻ തയാറായില്ല.സുധീരനെ അനുനയിപ്പിക്കാൻ നേതൃത്വം മുൻകൈയെടുക്കുമെന്നാണു സൂചന.
ഇന്നു തിരുവനന്തപുരത്ത് എത്തുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സുധീരനുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിനു ശ്രമിച്ചേക്കും. രാജിയുടെ കാരണം അറിയില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചത്. പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുധീരനുമായി ചർച്ച നടത്താൻ തയാറാണെന്നും സുധാകരൻ പറഞ്ഞു.
രാജി എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. സുധീരനുമായി സംസാരിക്കുമെന്നും സതീശൻ പറഞ്ഞു. സുധീരൻ രാജിവച്ചത് ശരിയായ നടപടിയല്ലെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.
ഇന്നലെ കൊച്ചിയിലെത്തിയ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും സുധീരനുമായി സംസാരിച്ചു പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നു പറഞ്ഞു.