കൊച്ചി- ബംഗളുരു വ്യവസായ ഇടനാഴിക്ക് 375 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഭരണാനുമതി
Thursday, October 14, 2021 1:34 AM IST
തിരുവനന്തപുരം: കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ വികസനത്തിന് പാലക്കാട്, പുതുശേരി വെസ്റ്റ് വില്ലേജിൽ കണ്ടെത്തിയ 375 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ലോക്ഡൗണ്‍ കാരണം ലേലം കൊണ്ട തടി യഥാസമയം ലേലത്തുകയും നികുതിയും അടച്ചിട്ടും നീക്കം ചെയ്യാൻ കഴിയാത്തവർക്ക് തടി നീക്കം ചെയ്യാൻ ഉത്തരവ് ഇറങ്ങുന്ന തീയതി മുതൽ രണ്ടാഴ്ചത്തെ സമയം അനുവദിക്കാനും തീരുമാനിച്ചു.
കാസർഗോഡ് മുന്നാഡ് വില്ലേജിൽ 0.10 ഏക്കർ സർക്കാർ ഭൂമി പയ്യന്നൂർ ഖാദി കേന്ദ്രത്തിന് നൂൽനൂൽപ്പ് കേന്ദ്രത്തിന്റെ കെട്ടിടം നിർമിക്കുന്നതിന് ആർ ഒന്നിന് 100 രൂപ സൗജന്യ നിരക്കിൽ പുതുക്കി നിശ്ചയിച്ച് 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കാനും തീരുമാനിച്ചു.