കരാറുകാരെ കൂട്ടി കാണാന്‍ വരേണ്ട; നിയമസഭയില്‍ പറഞ്ഞതില്‍നിന്ന് ഒരടി പിന്നോട്ടില്ലെന്ന് മന്ത്രി റിയാസ്
Saturday, October 16, 2021 1:09 AM IST
കോഴിക്കോട്: എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി കാണാന്‍ വരരുതെന്ന് നിയമസഭയില്‍ പറഞ്ഞതില്‍നിന്ന് ഒരടി പിന്നോട്ടില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കരാറുകാരെ കൂട്ടി മന്ത്രിയെ കാണാന്‍ വരരുതെന്ന് നിയമസഭയില്‍ റിയാസ് പറഞ്ഞതിനെതിരേ സിപിഎം നിയമസഭാ കക്ഷി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
സിപിഎമ്മിന്റെ നിയമസഭാകക്ഷി യോഗത്തില്‍ എംഎല്‍എമാര്‍ തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ചുവെന്നതും അതുകേട്ട് താന്‍ ഖേദം പ്രകടിപ്പിച്ചുവെന്നതുമുള്പ്പെടെയുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
എംഎല്‍എമാര്‍ക്ക് പലകാര്യങ്ങള്‍ക്കും പലരുടെയും കൂടെ മന്ത്രിമാരെ കാണേണ്ടി വരും. എല്‍ഡിഎഫിന്റെ നിലപാടാണത്. താന്‍ അതിനെതിരല്ല. അതേസമയം, കൂടെ കൂട്ടുന്നവരെക്കുറിച്ച് എംഎല്‍എമാര്‍ അന്വേഷിക്കണം. സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ക്ക് എംഎല്‍എമാര്‍ക്ക് കരാറുകാരുമായി മന്ത്രിയെ കാണേണ്ടി വരും.
അതേസമയം മറ്റു മണ്ഡലങ്ങളിലെ കാര്യങ്ങള്‍ക്ക് കരാറുകാരുമായി മന്ത്രിയെ കാണുന്നത് പ്രശ്നമുണ്ടാക്കും. ആ മണ്ഡലത്തിലെ എംഎല്‍എമാര്‍ക്ക് മറ്റൊരു അഭിപ്രായം ഉണ്ടാകാമെന്നും റിയാസ് പറഞ്ഞു.
എല്ലാ കാരാറുകാരും എന്‍ജിനിയര്‍മാരും മോശക്കാരാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അതേസമയം ,ചില എന്‍ജിനിയര്‍മാരും കരാറുകാരും തമ്മില്‍ മോശം കൂട്ടുകെട്ടുണ്ട്- മന്ത്രി പറഞ്ഞു.