എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് റിക്രൂട്ട്മെന്റ് ബോർഡ് ശിപാർശ തള്ളിക്കളയണം: ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ കൗണ്‍സിൽ
Saturday, October 16, 2021 1:09 AM IST
ചങ്ങനാശേരി: എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് റിക്രൂട്ട്മെന്റ് ബോർഡ് ഏർപ്പെടുത്തണമെന്ന 11-ാം ശന്പളക്കമ്മീഷന്റെ ശിപാർശ തള്ളിക്കളയണമെന്ന് ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
റിക്രൂട്ട്മെന്റ് ബോർഡ് ഏർപ്പെടുത്താനുള്ള ശിപാർശ ഭരണഘടനാവിരുദ്ധമാണെന്നും ന്യൂനപക്ഷാവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണെന്നും പാസ്റ്ററൽ കൗണ്‍സിൽ യോഗം അഭിപ്രായപ്പെട്ടു. എസ്ബി കോളജിലെ മാർ ചാൾസ് ലവീഞ്ഞ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.
പാസ്റ്ററൽ കൗണ്‍സിലിന്റെ ഡയറക്ടറിയുടെ കോപ്പി വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കലിനു നൽകി മാർ ജോസഫ് പെരുന്തോട്ടം പ്രകാശനം ചെയ്തു. സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി.
അതിരൂപത ചരിത്രപുസ്തകത്തിന്റെ മൂന്നാംവാല്യത്തെക്കുറിച്ച് വികാരി ജനറാൾ മോണ്‍. തോമസ് പാടിയത്ത് വിശദീകരിച്ചു. പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, ഡോ. രേഖ മാത്യൂസ്, ആന്റണി മലയിൽ, ഡിഎഫ്സി ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ എന്നിവർ എന്നിവർ പ്രസംഗിച്ചു.
ജോബ് മൈക്കിൾ എംഎൽഎ, എസ്ബി കോളജ് പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. അനിത ജോസ്, സിഎംസി ഹോളിക്വീൻസ് പ്രൊവിൻഷ്യലായി തെരഞ്ഞെടുക്കപ്പെട്ട ഡോ. സിസ്റ്റർ പ്രസന്ന, പിഎച്ച്ഡി നേടിയ ഡോ. സിജോ ജേക്കബ്, ഗ്രന്ഥകർത്താക്കളായ ഡോ. പി.സി. അനിയൻകുഞ്ഞ്, ഡോ. റൂബിൾ രാജ്, ബിഎഡിന് റാങ്ക് നേടിയ അനീറ്റ സോണി, ദി എഡിറ്റേഴ്സ് ലൈവ് യുട്യൂബ് ചാനൽ സിഇഒ ജെ. കുര്യാക്കോസ് എന്നിവരെ യോഗത്തിൽ അനുമോദിച്ചു.
വി.ജെ. ലാലി, തോമസുകുട്ടി മണക്കുന്നേൽ, സോബിച്ചൻ കണ്ണന്പള്ളി എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഫാ.ക്രിസ്റ്റോ നേര്യംപറന്പിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ എന്നിവർ ക്ലാസുകൾ നയിച്ചു. ചാൻസ ലർ റവ.ഡോ. ഐസക് ആലഞ്ചേരി, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊന്പിൽ എന്നിവർ നേതൃത്വം നൽകി.