പന്പ ഡാമിന്റെ രണ്ടു ഷട്ടറുകൾ ഇന്നു പുലർച്ചെ തുറക്കും
Tuesday, October 19, 2021 1:30 AM IST
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ പന്പ ഡാമിന്റെ രണ്ടു ഷട്ടറുകൾ ഇന്നു പുലർച്ചെ അഞ്ചിനു ശേഷം തുറക്കാൻ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉത്തരവായി.
രണ്ടു ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തി 25 മുതൽ 50 വരെ ക്യുമെക്സ് വെള്ളം തുറന്നുവിടാനാണ് തീരുമാനം.
ജനവാസ മേഖലകളിൽ പരമാവധി 10 സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ പന്പാ നദിയിലേക്ക് ഒഴുക്കിവിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന്പന്പ സംഭരണിയിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. ഇന്നലെ രാവിലെ 11ന് ജലനിരപ്പ് 984.50 മീറ്ററിലെത്തിയതോടെയാണ് അണക്കെട്ട് സുരക്ഷാവിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് ജില്ലാ കളക്ടർ ജാഗ്രതാ നിർദേശവും നൽകി.
സംഭരണിയിൽനിന്നുള്ള വെള്ളം എത്തുന്നതും പന്പാനദിയിലേക്കാണ്. ശബരിമല ത്രിവേണിയിൽ ഇത് കക്കി സംഭരണിയിൽനിന്നുള്ള വെള്ളവുമായി കൂടിച്ചേരും.