ചെറിയാൻ ഫിലിപ്പ് പൊതുരംഗത്തു നല്ല നിലയിൽ പ്രവർത്തിക്കുന്നയാളാണെന്നു മുഖ്യമന്ത്രി
Thursday, October 21, 2021 1:39 AM IST
തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് പൊതുരംഗത്തു നല്ല നിലയിൽ പ്രവർത്തിച്ചയാളാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഘട്ടത്തിൽ ചെറിയാൻ ഫിലിപ്പ് കോണ്ഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാൻ തീരുമാനിച്ചു. തങ്ങൾ നല്ല നിലയിൽ സഹകരിച്ചു. ഇപ്പോൾ മറ്റെന്തെങ്കിലും നിലയുണ്ടോ എന്നറിയില്ല.
പ്രളയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരേ ചെറിയാൻ ഫിലിപ്പ് നടത്തിയ വിമർശനം ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രളയം തടയുന്നതിനുള്ള നെതർലൻഡ് മാതൃകയേക്കുറിച്ച് അവിടെ പോയി പഠിച്ച ശേഷം തുടർനടപടികളേക്കുറിച്ച് ഇപ്പോൾ ആർക്കും അറിയില്ലെന്നായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
റൂം ഫോർ റിവർ പദ്ധതിയേക്കുറിച്ചാണ് അന്നു പറഞ്ഞത്. നദികളുടെ പുനരുദ്ധാരണത്തിനായി ഹരിത കേരള മിഷന്റെ പദ്ധതി കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. നദികളിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യുന്നതിനായും പദ്ധതി തയാറാക്കിയിട്ടുണ്ട്. അതൊക്കെ ഇതിന്റെ ഭാഗമാണ്. ഇപ്പോഴത്തെ പശ്ചാത്തലത്തിൽ കൂടുതൽ വിശദമായ പദ്ധതിക്കു തയാറെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.