സിപിഎം കരട് രേഖ; കേന്ദ്രകമ്മിറ്റിയിൽ അന്തിമരൂപമാകും
Friday, October 22, 2021 12:44 AM IST
കോട്ടയം : ഇന്നാരംഭിക്കുന്ന കേന്ദ്ര കമ്മിറ്റിയിൽ സിപിഎം കരട് രേഖയ്ക്ക് അന്തിമ രൂപം നൽകും. ബുക്ക് രൂപത്തിൽ തയാറാക്കി നവംബർ, ഡിസംബർ മാസങ്ങളിൽ വിതരണം ചെയ്യുന്ന കരട് രേഖയിൽ കേരളത്തിലെ സിപിഎം കീഴ്ഘടകങ്ങൾക്കും അനുഭാവികൾക്കും സാധാരണ ജനങ്ങൾക്കും വായിച്ച് അഭിപ്രായം രേഖപ്പെടുത്താം. പാർട്ടിയംഗങ്ങളും ഘടകങ്ങളും അതതു കമ്മിറ്റികൾ വഴി അഭിപ്രായങ്ങൾ അറിയിക്കും.
അനുഭാവികൾക്കും സാധാരണ ജനങ്ങൾക്കും കേന്ദ്ര കമ്മിറ്റിയെ ഇ മെയിൽ വഴി അഭിപ്രായങ്ങൾ അറിയിക്കാം. മുൻ പാർട്ടി കോണ്‍ഗ്രസുകളുമായി ബന്ധപ്പെട്ടും ഇത്തരം അഭിപ്രായമാരായലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും സുതാര്യമായ രീതിയിൽ പാർട്ടി പ്രവർത്തക പങ്കാളിത്തവും ബഹുജന പങ്കാളിത്തവും ഉണ്ടാക്കാൻ തക്കവിധം കരട് പ്രമേയം പൊതു സമൂഹം മുൻപാകെ വരുന്നത് നടാടെയാണ്.
കരട് പ്രമേയത്തിന്റെ ഉള്ളടക്കം അടുത്ത മൂന്നു വർഷത്തെ സിപിഎമ്മിന്റെ പ്രക്ഷോഭങ്ങളും പരിപാടികളും, രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരേയുള്ള നീക്കങ്ങളുടെ രൂപരേഖയുമായിരിക്കും.
രാഷ്ട്രീയ പ്രമേയത്തിൽ പ്രധാനമായും അഭിപ്രായങ്ങൾ വരുന്നത് കോണ്‍ഗ്രസ് പാർട്ടിയുമായുള്ള ബന്ധത്തെപ്പറ്റിയാണ്. സീതാറാം യെച്ചൂരി, എം.എ ബേബി വിഭാഗം കോണ്‍ഗ്രസിനെ മുന്നിൽ നിർത്തി ബിജെപിയ്ക്കെതിരേ ബദൽ മുന്നണിയുണ്ടാക്കി ഇന്ത്യാ ഭരണം പിടിച്ചെടുക്കണമെന്നാണ് താത്പര്യപ്പെടുന്നത്.
എന്നാൽ കേരളത്തിലെ പിണറായി, കൊടിയേരി വിഭാഗത്തിന് കോണ്‍ഗ്രസ് ബിജെപിക്ക് ബദലാവില്ലെന്നാണ് അഭിപ്രായം. കഴിഞ്ഞ പിബി യോഗത്തിൽ ബംഗാൾ ഘടകവും സീതാറാം യച്ചൂരിയും ഈ വിഷയത്തിൽ എതിരഭിപ്രായം പറഞ്ഞതു കൊണ്ട് ഏകാഭിപ്രായത്തിൽ എത്താനാകാതെ പോളിറ്റ് ബ്യൂറോ പിരിയുകയായിരുന്നു.
പിണറായി-കോടിയേരി സഖ്യം വാദിക്കുന്നത് വർഗീയതയ്ക്കും അവസരവാദത്തിനും കീഴടങ്ങിയ കോണ്‍ഗ്രസിനെ കൂട്ടു പിടിക്കുന്നതു ശരിയല്ലെന്നാണ്. എന്നിരുന്നാലും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾ ഒറ്റയ്ക്കും കൂട്ടമായും ഇടതു പക്ഷത്തേയ്ക്ക് വരുന്നതിൽ ഇവർക്ക് എതിർപ്പില്ല. ഈ വാദത്തിനു കൂടുതൽ ബലം കൂട്ടുവാൻ വേണ്ടി പശ്ചിമ ബംഗാളിൽ ഇടതുപക്ഷം കോണ്‍ഗ്രസുമായി യോജിച്ചിട്ടും ഒരു നേട്ടവും സിപിഎമ്മിന് ഉണ്ടായില്ലായെന്നാണ് കേരളത്തിലെ നേതാക്കൾ പറയുന്നത്.
കേരളത്തിലെ 14 ജില്ലകളിൽ ആരംഭിക്കാൻ പോകുന്ന ജില്ലാ സമ്മേളനങ്ങളിൽ നടക്കുന്ന രാഷ്ട്രീയ പ്രമേയ ചർച്ച കേരള ഘടകത്തിന്റെ താല്പര്യങ്ങൾക്ക് അനുകൂലമാക്കാനും പിണറായി പക്ഷത്തിന്റെ അഭിപ്രായങ്ങൾ കേരളത്തിലുടനീളെ ഉയർത്തി നിർത്തി കേന്ദ്രക്കമ്മിറ്റിയെ അറിയിക്കാനും പിണറായി പക്ഷം അണിയറ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
മാർച്ച് ആദ്യവാരം കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും രാഷ്ട്രീയ പ്രമേയം കോണ്‍ഗ്രസ് ബന്ധത്തിലൂന്നിയായിരിക്കും . കേരള ഘടകത്തിലെ പിണറായി -കോടിയേരി വിഭാഗം കോണ്‍ഗ്രസുമായി കൂട്ടുണ്ടാക്കുന്നതിനെതിരേ ശക്തമായ നിലപാടായിരിക്കും സമ്മേളനത്തിൽ കൈക്കൊള്ളുക.
ജോണ്സണ് വേങ്ങത്തടം