പത്മ മാതൃകയിലുള്ള കേരള പുരസ്കാരം: വിദേശ പൗരന്മാരെയും പരിഗണിക്കും
Saturday, October 23, 2021 12:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾക്ക് വിദേശരാജ്യങ്ങളിലെ പൗരന്മാ രെയും പരിഗണിക്കും. കേരള ജ്യോതി, കേരളപ്രഭ, കേരളശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് പുരസ്കാരത്തിലുള്ളത്.
സംസ്ഥാനത്തു ജനിച്ച് ഇവിടെ താമസിക്കുന്നവരെയും ജോലി, ബിസിനസ് ആവശ്യങ്ങൾക്കായി രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കേരളീയരെയും പുരസ്കാരത്തിനായി പരിഗണിക്കും. മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകില്ല. ഒരിക്കൽ കേരള പുരസ്കാരം നേടിയ വ്യക്തികളെ അഞ്ചു വർഷത്തിനു ശേഷം മാത്രമേ മറ്റു കേരള പുരസ്കാരങ്ങൾക്കു പരിഗണിക്കുകയുള്ളൂ.
കല, സാമൂഹിക സേവനം, പൊതുകാര്യം, സയൻസും എൻജിനിയറിഗും, വ്യവസായ-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവിൽ സർവീസ്, കായികം എന്നിവയടക്കം 11 വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് പുരസ്കാരത്തിനായി പരിഗണിക്കുക.
ഒന്നാമത്തെ പരമോന്നത ബഹുമതിയായ കേരളജ്യോതി പുരസ്കാരം സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് വർഷത്തിൽ ഒരാൾക്കും, രണ്ടാമത്തെ പുരസ്കാരമായ കേരളപ്രഭ രണ്ടു പേർക്കും കേരളശ്രീ അഞ്ചു പേർക്കും നൽകും. മൊത്തം എണ്ണം പത്തിൽ കവിയില്ല.
കാഷ് പ്രൈസില്ല, കീർത്തിമുദ്രയും സാക്ഷ്യപത്രവും മാത്രം
പത്മ മാതൃകയിൽ കേരള പുരസ്കാരങ്ങൾക്കും കാഷ് അവാർഡില്ല. ഗവർണറുടെ കൈയൊപ്പു ചാർത്തിയ സാക്ഷ്യപത്രം, കീർത്തിമുദ്ര എന്നിവയാണു നൽകുന്നത്. കീർത്തിമുദ്രയിൽ സംസ്ഥാന ചിഹ്നം, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള രേഖപ്പെടുത്തലുകൾ, പുരസ്കാരവർഷം എന്നിവയുണ്ടാകും. കീർത്തിമുദ്ര ചെറുപതിപ്പ് സ്വർണം, വെള്ളി, ചെന്പ് എന്നീ ലോഹങ്ങൾകൊണ്ടു രൂപകൽപന ചെയ്യും.
പേരു നിർദേശിക്കേണ്ടത് മറ്റുള്ളവർ
എല്ലാ വർഷവും ഏപ്രിലിൽ പൊതുഭരണവകുപ്പ് നാമനിർദേശം ക്ഷണിക്കും. വ്യക്തികളിൽനിന്നുള്ള സ്വന്തം അപേക്ഷകൾ സ്വീകരിക്കില്ല. ആർക്കും മറ്റുള്ളവരെ നാമനിർദേശം ചെയ്യാം.