സിഐയുടെ സസ്പെൻഷൻ കോണ്‍ഗ്രസ് പോരാട്ടത്തിന്റെ വിജയം: കെ. സുധാകരൻ
Saturday, November 27, 2021 12:50 AM IST
തിരുവനന്തപുരം: ആലുവയിലെ നിയമവിദ്യാർഥിനിയെ ആത്മഹത്യയിലേക്കു നയിക്കാൻ കാരണക്കാരനായ സിഐ സുധീറിനെ സസ്പെൻഡ് ചെയ്യാൻ സർക്കാർ തയാറായത് കോണ്‍ഗ്രസിന്റെ ഉജ്ജ്വല പോരാട്ടത്തെ തുടർന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എവിടെ നീതി നിഷേധിക്കപ്പെടുന്നുവോ അവിടയൊക്കെ കോണ്‍ഗ്രസ് പോർമുഖം തുറക്കും.
സത്യത്തിനും നീതിക്കും വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം ജലപീരങ്കിയും ഗ്രനേഡും ലാത്തിച്ചാർജും നടത്തി തകർക്കാനാണ് മുഖ്യമന്ത്രിയുടെ പോലീസ് ശ്രമിച്ചത്. അടിച്ചമർത്തിയാൽ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം.
പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്പോൾ സംരക്ഷിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് ജുഡീഷൽ അന്വേഷണം നടത്തണം.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കാലത്ത് നൽകിയ വാഗ്ദാനം മുഖ്യമന്ത്രി ഓർക്കുന്നത് നല്ലത്. മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസന്വേഷണം നീതിപൂർവമായിരിക്കണം. ജനങ്ങളുടെ സോഷ്യൽ ഓഡിറ്റിംഗ് ഈ കേസിലുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.