റോഡ് അറ്റകുറ്റപ്പണി: ഗുണനിലവാരം ഉറപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Tuesday, November 30, 2021 12:34 AM IST
തിരുവനന്തപുരം: റോഡ് അറ്റകുറ്റപ്പണികളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ശക്തമായ മഴയുടെ ഭാഗമായി പല റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഭാവിയിൽ റോഡുകൾക്ക് വരുന്ന അറ്റകുറ്റപ്പണികൾ കാലതാമസം ഇല്ലാതെ പരിഹരിക്കാനും റോഡുകളുടെ ഗുണമേന്മ ഉറപ്പുവരുത്താനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തൽ, റണ്ണിംഗ് കോണ്ട്രാക്ട് നടപ്പിലാക്കൽ, വർക്കിംഗ് കലണ്ടർ പ്രസിദ്ധീകരിക്കൽ, നിർമാണപ്രവൃത്തിയിൽ നൂതന സാങ്കേതിക വിദ്യകൾ എന്നിങ്ങനെ സുപ്രധാന ചുവടുവയ്പുകളാണ് വകുപ്പിൽ നടപ്പിലാക്കിയിട്ടുള്ളത്.
മഴ മാറിയാൽ പ്രവൃത്തി ആരംഭിക്കാനുള്ള തയാറെടുപ്പാണ് വകുപ്പ് നടത്തിവരുന്നത്. കേടുപാടുകളുണ്ടായ റോഡുകളിൽ അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികൾക്ക് 119 കോടി രൂപ നേരത്തേതന്നെ അനുവദിച്ചിട്ടുണ്ട്. മഴ മാറിയാലുടൻ പ്രവൃത്തി ആരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.