ഒമിക്രോണ്‍ : സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി
Friday, December 3, 2021 1:15 AM IST
തിരുവനന്തപുരം: കര്‍ണാടകയില്‍ അതിതീവ്രവ്യാപന ശേഷിയുള്ള കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തു ജാഗ്രത ശക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപനങ്ങള്‍, പോലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും.
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്ക് രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് ഏഴു ദിവസം ക്വാറന്റൈനും ഏഴു ദിവസം സ്വയംനിരീക്ഷണവുമുണ്ട്.
അല്ലാത്ത രാജ്യങ്ങളില്‍നിന്നു വരുന്നവരില്‍ രണ്ടു ശതമാനം പേരെ പരിശോധിക്കും. അവരില്‍ നെഗറ്റീവാകുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. പോസീറ്റീവായാല്‍ ആശുപത്രിയില്‍ പ്രത്യേകം തയാറാക്കിയ വാര്‍ഡുകളിലേക്കു മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
വാക്സിന് എടുക്കുകയെന്നതാണ് പ്രധാന പ്രതിരോധം. അതുപോലെ അടിസ്ഥാന സുരക്ഷാ മാര്‍ഗങ്ങളും പിന്തുടരണം. ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപനശേഷി വളരെ കൂടുതലുള്ളതിനാൽ ഒമിക്രോണ്‍ ബാധിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നേക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.