സുരക്ഷാവലയത്തിൽ കോടതി
Saturday, January 15, 2022 1:53 AM IST
കോട്ടയം: ഉദ്വേഗഭരിതമായ മണിക്കൂറുകൾ. തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ് മാധ്യമപ്രവർത്തകരെയും കോടതി ജീവനക്കാരെയും അകത്തേക്കു പ്രവേശിപ്പിച്ചത്. രാവിലെ 9.30നു കോടതിയിലെത്തിയ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ നിശബ്ദനായി നിലകൊണ്ടു. നേരിയ പ്രതികരണം പോലുമില്ലാതെ ജപമാല കൈയിലൊതുക്കി പ്രാർഥനയിൽ മൗനമായിനിന്നു. പത്തോടെ കോടതി പരിസരത്ത് ജനസഞ്ചയം. ഇരുഭാഗത്തെയും അഭിഭാഷകരും എത്തി.
11ന് ജഡ്ജി ജി. ഗോപകുമാർ ചേംബറിലെത്തി. 11.10ന് ഒറ്റവാചകത്തിൽ വിധിപ്രസ്താവം പൂർത്തിയാക്കി. വിധി കേട്ടതോടെ ഇരുകൈകളും ഉയർത്തി ബിഷപ് ഫ്രാങ്കോ ആശ്വാസത്തോടെ കോടതിയുടെ മുൻവാതിലിലൂടെ പുറത്തേക്കിറങ്ങി കാറിൽ കയറി. ‘ദൈവത്തിനു സ്തുതി’ എന്ന ഒറ്റവാചകം മാധ്യമങ്ങളോടു പറഞ്ഞ് യാത്ര പുറപ്പെട്ടു. കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെത്തി ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
കനത്ത സുരക്ഷാവലയത്തിയിലായിരുന്നു കോടതി സ്ഥിതി ചെയ്യുന്ന കളക്ടറേറ്റ് പരിസരം. സുരക്ഷാ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ പുറത്തുനിന്ന് ഒരാളെയും കടത്തിവിട്ടിരുന്നില്ല. കോടതിമുറിയിൽ സഹോദരങ്ങളായ ഫിലിപ്പിനും ചാക്കോയ്ക്കും ഒപ്പം നടുവിൽ ഇരിക്കുന്പോഴും ആരോടും ഉരിയാടാതെ ഇടയ്ക്കിടയ്ക്കു കണ്ണടച്ചുള്ള പ്രാർഥന മാത്രം.
11 ന് ജഡ്ജി കേസ് വിളിക്കുന്പോൾ നെഞ്ചിടിപ്പിന്റെ വേഗം മുഖഭാവങ്ങളിൽ വ്യക്തം. കുറ്റക്കാരനല്ലെന്ന ഒറ്റവാക്കിലുള്ള വിധികേട്ടതോടെ ചിരിച്ചുകൊണ്ട് ഇരുകയ്യും ചുരുട്ടി മുകളിലേക്കുയർത്തി ജേതാവിനെപ്പോലെ പുറത്തേക്കും.
പ്രതിഭാഗത്ത് സന്തോഷം വിരിഞ്ഞപ്പോൾ ഒരിക്കലും വിധി എതിരാകുമെന്നു പ്രോസിക്യൂഷൻ പ്രതീക്ഷിച്ചതുമില്ല. കോടതിവാതിൽക്കൽ ‘ദൈവത്തിന് സ്തുതിയെന്ന്’ ഉറക്കെ പറഞ്ഞാണ് അനുയായികൾ ബിഷപ്പിനെ സ്വീകരിച്ചത്.
പ്രതിഭാഗം അഭിഭാഷകൻ സി.എസ്. അജയനെ കെട്ടിപ്പിടിച്ചും സുഹൃത്തുക്കൾക്കുമുന്നിൽ പൊട്ടിക്കരഞ്ഞും ഉള്ളിലെ സന്തോഷം അറിയിച്ചു. കൈകൾ കൂപ്പി കാറിന്റെ പിൻസീറ്റിൽ കയറി നേരേ പോയത് തൊട്ടടുത്തുള്ള ലൂർദ് ഫൊറോനാ പള്ളിയിൽ. പ്രാർഥനയ്ക്കുശേഷം കളത്തിപ്പടിയിലെ ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലായിരുന്നു പാട്ടുകുർബാന. കുടുംബാംഗങ്ങളും സ്നേ ഹി തരുമെല്ലാം കുർബാനയിൽ പങ്കുചേർന്നു. വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കളക്ടറേറ്റ് പരിസരത്ത് ലഡു വിതരണവും ഉണ്ടാ യിരുന്നു.