സിഐടിയു സംസ്ഥാന സമിതി അംഗവും കൂട്ടരും സിപിഎം വിട്ടു
Monday, January 17, 2022 1:17 AM IST
തിരുവനന്തപുരം: സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും സിപിഎം വർക്കല ഏരിയാകമ്മിറ്റി അംഗം എഫ്. നഹാസിന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ സിപിഎം വിട്ടു. രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങളെ തുടർന്നാണു പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് എഫ്. നഹാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ചിറയിൻകീഴ്, വർക്കല, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ബിജെപിയുടെ സമീപകാല വളർച്ച പ്രതിരോധിക്കുന്നതിനു പകരം അവരുമായി തെരഞ്ഞെടുപ്പുകളിലടക്കം ഒളിഞ്ഞും തെളിഞ്ഞും അവിശുദ്ധ കൂട്ടുകെട്ട് സിപിഎം നടത്തുകയാണെന്നു നഹാസ് ആരോപിച്ചു.