എസി പ്രവർത്തിച്ചില്ല; വിമാനം മൂന്നര മണിക്കൂർ വൈകി
Monday, May 16, 2022 1:48 AM IST
നെടുമ്പാശേരി: കൊച്ചി-ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ കണ്ടീഷണർ പ്രവർത്തന രഹിതമായതിനെ തുടർന്ന് സർവീസ് മണിക്കൂറുകളോളം വൈകി. ഇന്നലെ രാവിലെ 10.40ന് പുറപ്പെടേണ്ട വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ 229 യാത്രക്കാരെയും 10.15ഓടെ പ്രവേശിപ്പിച്ചിരുന്നു.
എസി പ്രവർത്തിക്കാത്തതിനെ തുടർന്ന് എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്ന് വിമാനത്താവളത്തിലേക്ക് ബന്ധിപ്പിക്കുന്ന റാമ്പിലേക്ക് ഇറക്കി നിർത്തി. വിമാനം വൈകുമെങ്കിൽ വിമാനത്താവളത്തിൽ വിശ്രമിക്കാൻ സൗകര്യം വേണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. ഇതു പ്രതിഷേധത്തിനിടയാക്കി. തകരാർ പരിഹരിച്ച ശേഷം 2.20 ഓടെയാണ് വിമാനം ദുബായിലേക്ക് പുറപ്പെട്ടത്.