ഷാബ ഷെരീഫ് വധം:ഷൈബിന്റെ ഭാര്യ മുന്‍കൂര്‍ ജാമ്യം തേടി
Wednesday, May 18, 2022 2:37 AM IST
കൊച്ചി: കർണാടകയിലെ പാരമ്പര്യ വൈദ്യന് ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്റെ ഭാര്യ ഫസ്ന, മുന്‍ എഎസ്ഐയും ഷൈബിന്റെ ജീവനക്കാരനുമായ സുന്ദരന്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. ഹര്‍ജികളിൽ ജസ്റ്റീസ് സി. ജയചന്ദ്രൻ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു തേടി.
മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി പറഞ്ഞു തരണമെന്നാവശ്യപ്പെട്ട് 2019 ല്‍ ഷാബ ഷെരീഫിനെ മലപ്പുറത്തേക്ക് തട്ടിക്കൊണ്ടു വന്ന് ഒന്നേകാല്‍ വര്‍ഷം തടവിലാക്കി പീഡിപ്പിച്ചെന്നും വെട്ടിനുറുക്കി പുഴയില്‍ തള്ളിയെന്നുമാണ് കേസ്. ഷൈബിന് ഉള്‍പ്പെടെയുള്ള പ്രതികൾ അറസ്റ്റിലായിരുന്നു.
ഭര്‍ത്താവിന്റെ ദൈനംദിന ഇടപാടുകളില്‍ ഇടപെടാറില്ലെന്നും സംഭവത്തെക്കുറിച്ചു തനിക്ക് അറിയില്ലെന്നുമാണ് ഫസ്നയുടെ വാദം. ഷൈബിന്റെ ജീവനക്കാരനായി താന്‍ ജോലിക്കെത്തുന്നത് 2020 നവംബറിനു ശേഷമാണെന്നും വൈദ്യനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്കു പങ്കില്ലെന്നുമാണ് സുന്ദരന്റെ വാദം.