മുഖ്യമന്ത്രി സംശയനിഴലിൽതന്നെയെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ
Monday, June 20, 2022 12:54 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംശയനിഴലിൽതന്നെയാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍സുലേറ്റ് ജനറലിനു പോലും ലഭിക്കാൻ പ്രയാസമുള്ളതാണ് ഡിപ്ലോമാറ്റിക് ഐഡി. അത് കോണ്‍സുലേറ്റിലെ അക്കൗണ്ടന്റിനുവരെ നൽകിയത് സംസ്ഥാന പൊതുഭരണ വകുപ്പാണ്. അതുപയോഗിച്ചാണ് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽനിന്ന് ഒഴിവായി സ്വർണക്കടത്തും ഡോളർ കടത്തും നടത്തിയത്. തങ്ങൾ ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതെന്ന് പറഞ്ഞവർതന്നെ അന്വേഷണം വഴിമുട്ടിക്കാൻ ശ്രമിച്ചു.
സെക്രട്ടേറിയറ്റിലെ ഫയലുകൾക്കു തീയിട്ടു. കേന്ദ്ര ഏജൻസികൾക്കെതിരേ അന്വേഷണ കമ്മീഷനെവച്ചു. സിബിഐ വരാതിരിക്കാൻ കോടതിയെ സമീപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ കോടതി കയറ്റി ആത്മവീര്യം നഷ്ടപ്പെടുത്താൻ ശ്രമിച്ചു. ഇത്രയും ചെയ്ത മുഖ്യമന്ത്രിയെ സംശയിക്കാതിരിക്കുന്നതു ബുദ്ധിശൂന്യതയാണെന്ന് വി. മുരളീധരൻ പറഞ്ഞു.