തിരുവനന്തപുരത്ത് ഇനി മോശം കാലാവസ്ഥയിലും വിമാനമിറക്കാനാകും
Monday, June 20, 2022 1:32 AM IST
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഇനി മോശം കാലാവസ്ഥയിലും വിമാനമിറക്കാനാകും. മോശം കാലാവസ്ഥയിലും വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പു വരുത്തുന്ന കാറ്റഗറി -1 അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം (എഎൽഎസ്)രാജ്യാന്തര വിമാനത്താവളം റണ്‍വേ 32ൽ കമ്മീഷൻ ചെയ്തു.
റണ്‍വേ തുടങ്ങുന്ന ഭാഗത്തു സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളുടെ ശ്രേണി ഉൾക്കൊള്ളുന്നതാണ് അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം. ലാൻഡിംഗ് സമയത്ത് പൈലറ്റുമാർക്ക് സൂക്ഷ്മതയുള്ള വഴികാട്ടിയായി ഇതു പ്രവർത്തിക്കും. കാഴ്ചപരിധി 550 മീറ്ററിൽ താഴെയാണെങ്കിലും പൈലറ്റുമാർക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയുമെന്നതാണ് പുതിയ എഎൽഎസിന്റെ നേട്ടം. മോശം കാലാവസ്ഥയുള്ളപ്പോൾ കാഴ്ചപരിധി കുറവായതിനാൽ വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചു വിടാനുള്ള സാധ്യതയും ഇതോടെ കുറയും.