ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ ഒഴിവാക്കാന്‍ പദ്ധതി തയാറാക്കണം: ഹൈക്കോടതി
Friday, June 24, 2022 12:50 AM IST
കൊച്ചി: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരേ ആക്രമണമുണ്ടായ സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍മപദ്ധതി തയാറാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി.
അക്രമം നടന്നിട്ട് അന്വേഷണം നടത്തുന്നതിനെക്കാള്‍ ഇത് ഉണ്ടാകാതിരിക്കാനാണു നോക്കേണ്ടതെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്കുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇന്നലെ വാദം കേള്‍ക്കുമ്പോഴാണ് ഡിവിഷന് ബെഞ്ച് ഈ വിഷയം പരിഗണിച്ചത്. ആശുപത്രികള്‍ക്കു സംരക്ഷണം നല്കുമെന്നു സര്‍ക്കാര്‍ 2021 സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു. നീണ്ടകര ആശുപത്രിയിലടക്കം സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനും ആക്രമിക്കപ്പെട്ടു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ മെഡിക്കല്‍-പാരാമെഡിക്കല്‍ ജീവനക്കാര്‍ ഭീതിയോടെയാണ് ജോലി ചെയ്യുന്നതെന്ന് ഐഎംഎയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രവര്‍ത്തകരെയും ആരോഗ്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നിയമത്തില്‍ കര്‍ശന ശിക്ഷാവ്യവസ്ഥകളുണ്ട്. എന്നാല്‍ നീണ്ടകരയിലെ ആക്രമണം ഇതുമാത്രം പോരെന്നാണു സൂചന നല്കുന്നതെന്നു ഹൈക്കോടതി വ്യക്തമാക്കി.
ഭയമില്ലാതെ കാര്യക്ഷമതയോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കുകയാണു കോടതിയുടെ ലക്ഷ്യം. ആശുപത്രികളില്‍ എത്ര സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്, എത്ര പോലീസ് എയ്ഡ് പോസ്റ്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് എന്നിങ്ങനെയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ അറിയിക്കണം. നീണ്ടകര താലൂക്ക് ആശുപത്രി പോലെയുള്ള ഹോസ്പിറ്റലുകളില്‍ ആദ്യഘട്ടത്തിലും മറ്റു ആശുപത്രികളില്‍ പിന്നീടും പോലീസ് സാന്നിധ്യം ഉറപ്പാക്കാനാവുമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
നിലവില്‍ ആളുകള്‍ക്കു കൂട്ടത്തോടെ ആശുപത്രിയിലേക്കു തള്ളിക്കയറി ഡോക്ടര്‍മാരടക്കമുള്ളവര്‍ക്കു സമ്മര്‍ദമുണ്ടാക്കുന്ന സ്ഥിതി നിയന്ത്രിക്കാനാകുമോയെന്നും അറിയിക്കണം. ഹര്‍ജി ജൂലൈ 22നു വീണ്ടും പരിഗണിക്കും.