യുവാവിന്റെ കൊലപാതകം: ഉമ്മയെ അധിക്ഷേപിച്ചത് പ്രകോപനമെന്നു പോലീസുകാരന്റെ മൊഴി
Friday, June 24, 2022 12:50 AM IST
പാലക്കാട്: നഗരത്തിൽ യുവാവ് ക്രിക്കറ്റ് ബാറ്റുകൊണ്ടു തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ പോലീസുകാരന്റെ മൊഴി പുറത്ത്. കൊല്ലപ്പെട്ട അനസ് ഉമ്മയെ അധിക്ഷേപിച്ചു സംസാരിച്ചതിനെത്തുടർന്നുണ്ടായ പ്രകോപനത്തിൽ സഹോദരനായ ഫിറോസിനൊപ്പം പോയതാണെന്നും കൊലപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്നുമാണു പോലീസുകാരനായ റഫീഖിന്റെ മൊഴി.
കേസിൽ കഴിഞ്ഞദിവസം രാത്രിയോടെയാണു റഫീഖിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. സഹോദരൻ ഫിറോസാണ് ഒന്നാംപ്രതി. എട്ടുവർഷംമുന്പ് സർവീസിൽ കയറിയ റഫീഖ് നിലവിൽ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് അംഗമാണ്.
സംഭവം നടന്ന ദിവസം ഇയാൾ അവധിയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണു വിക്ടോറിയ കോളേജ് ലേഡീസ് ഹോസ്റ്റലിനു സമീപത്തുവച്ച്, മാനസിക വെല്ലുവിളി നേരിടുന്ന അനസും സഹോദരങ്ങളായ ഫിറോസും റഫീഖും തമ്മിൽ തർക്കമുണ്ടായത്. പിന്നീട് വിക്ടോറിയ കോളേജിനു സമീപത്തുവച്ച് റഫീഖിന്റെ ബൈക്കിലെത്തിയ ഫിറോസ് അനസിനെ ബാറ്റുകൊണ്ട് അടിക്കുകയായിരുന്നു. ആദ്യം കാലിലും പിന്നീട് തലയ്ക്കുമാണ് അടിച്ചത്. പരിക്കേറ്റ അനസിനെ റഫീഖും ഫിറോസും ചേർന്നാണ് ഓട്ടോറിക്ഷയിൽ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചത്.
രാത്രിയോടെ അനസ് മരിച്ചു. ഓട്ടോയിടിച്ചു പരിക്കേറ്റു എന്നു പറഞ്ഞാണ് അനസിനെ ആശുപത്രിയിലാക്കിയത്. എന്നാൽ പരിക്കിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിതന്നെ ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു സംഭവം പുറത്തുവന്നത്.
അബദ്ധത്തിൽ തലയ്ക്കടിയേറ്റു എന്നായിരുന്നു ഫിറോസ് ആദ്യം നൽകിയ മൊഴി. എന്നാൽ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണു വസ്തുത പുറത്തുവന്നത്.