ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർധന നടപ്പാക്കണം: കെഎൻഇഎഫ്
Saturday, June 25, 2022 12:31 AM IST
തിരുവനന്തപുരം: സംസ്ഥാന പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ 2021-22ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന 1000 രൂപയുടെ പെൻഷൻ വർധന പൂർണമായും അനുവദിക്കണമെന്ന് കെഎൻഇഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ വർധനവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നാളിതുവരെയും വർധനവ് പ്രാബല്യത്തിലായിരുന്നില്ല. ഇപ്പോൾ ഇറക്കിയിരിക്കുന്ന ഉത്തരവിൽ 500 രൂപ മാത്രമാണ് വർധിപ്പിച്ചിരിക്കുന്നത്. ഇത് അപര്യാപ്തമാണെന്നും സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന 1000 രൂപ വർധന അനുവദിക്കണമെന്നും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണും സംസ്ഥാന സെക്രട്ടറി ജയിസണ്‍ മാത്യുവും ആവശ്യപ്പെട്ടു.
പെൻഷൻ വർധന മുൻകാല പ്രാബല്യത്തോടെ പൂർണമായും അനുവദിക്കണമെന്ന് നോണ്‍ ജേർണലിസ്റ്റ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എൻ. ലതാനാഥനും ജനറൽ സെക്രട്ടറി വി. ബാലഗോപാലും ആവശ്യപ്പെട്ടു.