ആരോഗ്യ മേഖലയിലെ പുത്തൻ പ്രവണതകൾ ചർച്ച ചെയ്ത് ഹെൽത്ത് ടെക് ഉച്ചകോടി
Saturday, June 25, 2022 12:32 AM IST
കോട്ടയം: ഭാവിയിൽ വന്നേക്കാവുന്ന വൈറൽ രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ കരുതിയിരിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യ സാങ്കേതിക മേഖലയിലെ പുത്തൻ പ്രവണതകളും നൂതനാശയങ്ങളും ചർച്ച ചെയ്യുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ, ആരോഗ്യവകുപ്പ്,
കോട്ടയം കാരിത്താസ് ആശുപത്രി എന്നിവ സംയുക്തമായി കൊച്ചിയിൽ സംഘടിപ്പിച്ച ഹെൽത്ത് ടെക് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വൈറസ് ആക്രമണ ഭീഷണി ഭാവിയിൽ വന്നേക്കാം. ഇതുകൈകാര്യം ചെയ്യുന്നതിനു സന്നദ്ധരായിരിക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്. ഈ സാഹചര്യത്തിൽ ഹെൽത്ത് ടെക്കിനു പ്രത്യേക പ്രാധാന്യമുണ്ട്. ഡിജിറ്റൽ ഉപകരണങ്ങൾ കൂടുതലായി ആരോഗ്യമേഖലയിലേക്കു കടന്നുവരണം. ഹെൽത്ത് ടെക്ക് മേഖലയിൽ കേരളം രാജ്യത്തിന്റെ ഹബായി മാറണമെന്നും മന്ത്രി പറഞ്ഞു.
ആദ്യ ഹെൽത്ത് ടെക് ആക്സിലറേറ്ററിന്റെ പ്രഖ്യാപനം ഇന്ത്യ ആക്സിലറേറ്റർ മാനേജിംഗ് പാർട്ണർ ദീപക് നാഗ്പാൽ നടത്തി. 15 സ്റ്റാർട്ടപ്പുകളാണു ആക്സിലറേഷൻ പദ്ധതിയിലുള്ളത്. ആരോഗ്യമേഖലയിലെ 35 വിദഗ്ധരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
കേരള ഐടി, ഇ ഹെൽത്ത് കേരള, ടൈ മെഡ് എന്നിവയുടെ സഹകരണത്തോടെയാണു ഉച്ചകോടി സംഘടിപ്പിച്ചത്.
ആരോഗ്യകുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ, കാരിത്താസ് ആശുപത്രി ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത്, ഡിജിറ്റൽ ഹെൽത്ത് മിഷൻ ഡയറക്ടർ കെ. മുഹമ്മദ് വൈസഫറുള്ള, കേരള ഐടി പാർട്ട് സിഇഒ ജോണ് എം. തോമസ് എന്നിവർ പ്രസംഗിച്ചു.