ടി. സിദ്ദിഖിന്റെ ഗണ്മാനു സസ്പെൻഷൻ
Monday, June 27, 2022 12:29 AM IST
കൽപ്പറ്റ: ടി. സിദ്ദിഖ് എംഎൽഎയുടെ സുരക്ഷാചുമതലയുള്ള സിവിൽ പോലീസ് ഓഫീസർ കെ.വി. സ്മിബിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
രാഹുൽഗാന്ധി എംപിയുടെ കാര്യാലയത്തിൽ നടന്ന എസ്എഫ്ഐ അക്രമവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനു നിരക്കാത്ത വിധത്തിൽ പ്രവർത്തിച്ചതായി ആരോപണം ഉയർന്നതിനെത്തുടർന്നാണു സസ്പെൻഷൻ.
എംപി ഓഫീസ് അക്രമത്തിനു പിന്നാലെ ഉണ്ടായ സംഘർഷത്തിനിടെ സ്മിബിൻ പോലീസുകാരനെ തള്ളിമാറ്റുകയും ലാത്തി പിടിച്ചുവാങ്ങുകയും മറ്റൊരു സിപിഒയുടെ യൂണിഫോമിൽ കടന്നുപിടിക്കുകയും ചെയ്തതായി സേനാംഗങ്ങളിൽനിന്നു പരാതി ഉയർന്നിരുന്നു.
സ്മിബിനെതിരായ അന്വേഷണത്തിനു സൈബർക്രൈം സ്റ്റേഷൻ ഹൗസ് ഓഫീസറെ ചുമതലപ്പെടുത്തി.