ബഫർ സോൺ പ്രഖ്യാപനത്തിൽനിന്ന് കേരളത്തെ പൂർണമായി ഒഴിവാക്കണം: മോൻസ് ജോസഫ് എംഎൽഎ
Wednesday, June 29, 2022 12:43 AM IST
തിരുവനന്തപുരം: ബഫർ സോൺ പ്രഖ്യാപനത്തിൽനിന്നു കേരളത്തെ പൂർണമായി ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
കേരള ബജറ്റിനെത്തുടർന്നുള്ള പൊതുഭരണ വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാഹചര്യങ്ങൾ സുപ്രീംകോടതിയെ സമയോചിതമായി ധരിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരിനുണ്ടായ വീഴ്ചയാണ് ഇന്നത്തെ പ്രതിസന്ധിക്ക് ഇടവരുത്തിയത്. ഈ സ്ഥിതിവിശേഷത്തെ മറികടക്കാൻ ആവശ്യമായ നീക്കങ്ങളാണു സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.