കെഎസ്ആര്‍ടിസി യൂണിയനുകളുടെ സമരം പിന്‍വലിക്കണം: ഹൈക്കോടതി
Saturday, July 2, 2022 12:56 AM IST
കൊച്ചി: കെഎസ്ആര്‍ടിസി യൂണിയനുകള്‍ നടത്തുന്ന സമരം പിന്‍വലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി.
സമരം തുടര്‍ന്നാല്‍ ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചിനു ശമ്പളം നല്‍കണമെന്നു വ്യക്തമാക്കി നല്കിയ ഇടക്കാല ഉത്തരവ് പിന്‍വലിക്കുമെന്നും കോടതിയെ വിശ്വാസമില്ലെങ്കില്‍ ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ കോടതിയില്‍ വിശ്വാസമുണ്ടെന്നും സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വിവിധ യൂണിയനുകള്‍ ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസി ശമ്പളവിതരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ, ശമ്പളം വൈകുന്നതിനെതിരേ ജീവനക്കാര്‍ സമരം തുടരുന്നതു ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി നല്കിയ ഉപഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
ഒറ്റദിവസംകൊണ്ട് അദ്ഭുതം പ്രതീക്ഷിക്കരുതെന്നു പറഞ്ഞ ഹൈക്കോടതി, ധര്‍ണ നിര്‍ത്തിയിട്ട് ഇനി വാദം കേള്‍ക്കാം എന്നും ഉപാധി വച്ചു. ഇതോടെയാണ് സമരം നിര്‍ത്താമെന്ന് തൊഴിലാളി യൂണിയനുകള്‍ ഹൈക്കോടതിയെ അറിയിച്ചത്. ഓഫീസിനു മുന്നില്‍ സമരങ്ങള്‍ ഉണ്ടാകില്ല എന്ന തൊഴിലാളി യൂണിയനുകളുടെ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തുകയും ചെയ്തു.