കൈക്കൂലി: പാലക്കാട്ട് ആറ് എക്സൈസ് ഉദ്യോഗസ്ഥർക്കുകൂടി സസ്പെന്ഷൻ
Monday, July 4, 2022 1:06 AM IST
പാലക്കാട്: ചിറ്റൂരിൽ തെങ്ങിൻതോപ്പുകളിൽനിന്നു കള്ള് പുറത്തേക്ക് കൊണ്ടുപോകുന്നതിന് പെർമിറ്റ് പുതുക്കി നൽകാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ആറ് എക്സൈസ് ഉദ്യോഗസ്ഥർക്കുകൂടി സസ്പെന്ഷൻ.
ഡെപ്യൂട്ടി കമ്മീഷണർ ഓഫിസിലെ മാനേജർ കെ. രാജേന്ദ്രൻ, പ്രിവന്റീവ് ഓഫീസർ പി. ജയചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ എസ്. നടേഷ് കുമാർ, ടൈപ്പിസ്റ്റുകളായ കെ. രേവതി, എം. വിനോദ്, ഡ്രൈവർ എ. കൃഷ്ണകുമാർ എന്നിവരെയാണു പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നുകണ്ട് സസ്പെൻഡ് ചെയ്തത്.
ഇവർക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. എക്സൈസ് വിജിലൻസ് എസ്പി മുഹമ്മദ് ഷാഫിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ നടപടിക്കു ശിപാർശ ചെയ്തത്. ഇതോടെ കൈക്കൂലി ഇടപാടിൽ സസ്പെൻഷനിലായവരുടെ എണ്ണം 20 ആയി.