അടുത്ത വർഷം കോളജുകളിൽ പരിഷ്കരിച്ച കരിക്കുലവും സിലബസും
Wednesday, August 10, 2022 12:10 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ അടുത്ത വർഷം പരിഷ്കരിച്ച കരിക്കലവും സിലബസുമായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ റിപ്പോർട്ട് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു മന്ത്രി. കരിക്കുലം പുതുക്കൽ നടപടി അടുത്ത മാസം ആരംഭിക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത വർഷം പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള പാഠ്യക്രമം ആയിരിക്കും നടപ്പാക്കുക. സിലബസ് പരിഷ്കരണ നടപടി സർവകലാശാലകൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
യുവത്വം തൊഴിൽ അന്വേഷകരായി നിൽക്കാതെ തൊഴിൽ ദാതാക്കളായി മാറണം. പഠനത്തിനൊപ്പം നൈപുണ്യ വികസനംകൂടി ഉറപ്പു വരുത്തും. അസാപ് പോലുള്ള ഏജൻസികളെ ഇതിനായി കൂടുതൽ ഉപയോഗപ്പെടുത്തി വരികയാണ്. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അസാപ് യൂണിറ്റ് ആരംഭിക്കും.
പഠനശേഷം തൊഴിൽ ലഭ്യമാകുന്നതിന് നേരിടുന്ന ’ സ്കിൽ ഗ്യാപ് ’ പരിഹരിക്കും. കേരളത്തിലെ ഗവേഷണമേഖലയെയും കൂടുതൽ ഊർജിതപ്പെടുത്തേണ്ടതുണ്ട് . ഗവേഷണത്തെ കൂടുതൽ ഗൗരവത്തോടെ കാണണം. ഗവേഷണ കണ്ടെത്തലുകൾ സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ ഉത്പാദനകരമാക്കി മാറ്റാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.