50 ലക്ഷം ത്രിവർണ പതാകകളുമായി കുടുംബശ്രീ
Wednesday, August 10, 2022 1:28 AM IST
കോട്ടയം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് പതിമൂന്നു മുതൽ പതിനഞ്ചുവരെ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ വേണ്ടി കുടുംബശ്രീ മാത്രം നിർമിച്ചത് അന്പതു ലക്ഷം ത്രിവർണപതാകകൾ.
പന്ത്രണ്ടിനകം എല്ലാ സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാകയെത്തിക്കുന്നതിനാണ് നിർദേശം. ഇതു പ്രകാരം കുടുംബശ്രീക്കു കീഴിലുള്ള എഴുനൂറോളം തയ്യൽ യൂണിറ്റുകളിലെ നാലായിരത്തോളം അംഗങ്ങളാണ് പതാക നിർമാണത്തിൽ പങ്കാളികളായത്.
നാഷണൽ ഫ്ളാഗ് കോഡ് പ്രകാരം 3:2 എന്ന നിയമാനുസൃത അളവിലാണ് പതാകയുടെ നിർമാണം.
ഏഴുവ്യത്യസ്ത അളവുകളിലാണ് പതാകകൾ നിർമിക്കുന്നത്. 20 മുതൽ 120 രൂപ വരെയാണ് വില.