ജ്വല്ലറിയിൽ കാട്ടുപന്നി; വാതിലും ഗ്ലാസും തകർന്നു
Thursday, August 11, 2022 12:52 AM IST
മുളങ്കുന്നത്തുകാവ്: തിരൂരിൽ ജ്വല്ലറിക്കുള്ളിലേക്ക് പാഞ്ഞുകയറി കാട്ടുപന്നിയുടെ പരാക്രമം. ജ്വല്ലറിയുടെ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി ഏഴേകാലോടെയാണ് തിരൂർ പള്ളിക്കു സമീപമുള്ള ജോസ് ജ്വല്ലറിക്കുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറിയത്. ചില്ലു വാതിലും കൗണ്ടറുകളിലെ ഗ്ലാസുകളും തകർന്നു.
കടയിലെ ജീവനക്കാരും ജ്വല്ലറിക്ക് പുറത്തുണ്ടായിരുന്ന നാട്ടുകാരും ബഹളം വച്ചതിനെത്തുടർന്ന് പന്നി ജ്വല്ലറിയുടെ പുറത്തേക്കിറങ്ങി. തുടർന്ന് തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞ് വഴിയാത്രക്കാരെയും പരിഭ്രാന്തിയിലാക്കി.
ജ്വല്ലറി അടയ്ക്കാൻ ഒരുങ്ങുന്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിട്ടുള്ള ചില്ലു കൂടുകളിൽ പന്നി ഇടിച്ചെങ്കിലും അവ തകർന്നില്ല. കടയ്ക്കകത്തെ കസേരകളും മറ്റും ഇടിച്ചുതെറിപ്പിച്ചു. പന്നി പൂമല കാട്ടിൽനിന്ന് എത്തിയതാകാമെന്നാണ് സംശയം.