വിഴിഞ്ഞം സമരം: ഇന്നു ചർച്ച
Friday, August 19, 2022 2:09 AM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന്റെ ഭാഗമായുണ്ടായ തീരശോഷണം മൂലം വീടും തൊഴിലും നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുമായി സംസ്ഥാന സർക്കാർ.
ദിവസങ്ങളായി സമരം നടത്തുന്ന തീരദേശ ജനതയുമായി സർക്കാർ തലത്തിൽ ചർച്ചകൾ നടത്താത്തതിനെതിരേ രൂക്ഷമായ പ്രതിഷേധം വിവിധ കോണുകളിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് ചർച്ചയ്ക്ക് തയാറാകുന്നത്.
ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാൻ ഇന്നലെ സമരസമിതി ജനറൽ കണ്‍വീനർ മോണ്‍. യൂജിൻ എച്ച്. പെരേരയെ ഫോണിൽ വിളിച്ചു. ഡൽഹിയിലുള്ള മന്ത്രി ഇന്നു രാവിലെ കൊച്ചിയിലെത്തും.
തിരുവനന്തപുരത്ത് എത്തിച്ചേർന്ന ശേഷം വീണ്ടും സമരസമിതി ഭാരവാഹികളെ ബന്ധപ്പെട്ട് ചർച്ച എപ്പോൾ നടത്തണമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. ഇന്നു വൈകുന്നേരം ചർച്ച നടത്താനാണ് സാധ്യത.