ആരാധനക്രമം സഭയുടെ പൊതുപൈതൃകം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Friday, September 30, 2022 11:58 PM IST
കൊച്ചി: ആരാധനക്രമം സഭയുടെ പൊതുപൈതൃകമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ സെൻട്രൽ ലിറ്റർജി കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.
എല്ലാ രൂപതകളിലെയും വൈദികരുടെ പ്രതിനിധികളും സന്യസ്ത, അല്മായ പ്രതിനിധികളും ദൈവശാസ്ത്ര, ആരാധനക്രമപണ്ഡിതരും ഉൾക്കൊള്ളുന്നതാണ് സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി.
സീറോ മലബാർ സഭയുടെ ആരാധനക്രമഗ്രന്ഥങ്ങൾ തയാറാക്കുന്നതിലും സഭാത്മക ആധ്യാത്മികത വളർത്തിയെടുക്കുന്നതിലും കമ്മിറ്റി നിർണായക പങ്കു വഹിക്കുന്നുണ്ട്. ലിറ്റർജിയെ സഭയുടെ പ്രവൃത്തിയായി മനസിലാക്കി അവയെ വിശ്വസ്തതയോടെ പരികർമം ചെയ്യാൻ വൈദികർ കടപ്പെട്ടിരിക്കുന്നു. നമ്മൾ ലിറ്റർജിയുടെ രചയിതാക്കാളോ ഉടമകളോ അല്ലെന്നും പ്രത്യുത സൂക്ഷിപ്പുകാർ മാത്രമാണെന്നുള്ള യാഥാർഥ്യം എളിമയോടെ അംഗീകരിക്കണം.
ആത്മപ്രചോദിതമായ ഒരു താത്കാലികരചനയിലേക്ക് തരംതാണു പോകത്തക്ക രീതിയിലുള്ള പൊതുസ്വാതന്ത്ര്യം ലിറ്റർജിയുടെ ഘടനയോട് ചേർന്നുപോവുകയില്ല. ആയതിനാൽ സഭയുടെ പൊതുസമ്പത്തായ ലിറ്റർജിയെ കറകൂടാതെയും ചുളിവുകൂടാതെയും അതിന്റെ തനിമയിലും വിശുദ്ധിയിലും കാത്തുസൂക്ഷിക്കാൻ സഭാമക്കൾ കടപ്പെട്ടിരിക്കുന്നുവെന്നും മാർ ആലഞ്ചേരി ഓർമിപ്പിച്ചു.
ആരാധനക്രമ കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
എട്ടു വർഷത്തെ സേവനത്തിനുശേഷം വടവാതൂർ സെമിനാരിയിലേക്കു സ്ഥലം മാറിപ്പോകുന്ന കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിക്കു യാത്രയയപ്പു നൽകി.
പുതിയതായി നിയമിതരായിരിക്കുന്ന സെക്രട്ടറി ഫാ. ജിഫി മേക്കാട്ടുകുളത്തിനെയും അസിസ്റ്റന്റ് സെക്രട്ടറി ഫാ. ക്രിസ്റ്റി പള്ളിക്കുന്നത്തിനെയും സ്വീകരിച്ചു. കമ്മീഷൻ അസിസ്റ്റന്റ് സെക്രട്ടറി ഫാ. ജേക്കബ് കിഴക്കേവീട്, ഫാ. ക്രിസ്റ്റി കപ്പൂച്ചിൻ, സിസ്റ്റർ ഡാലിയ, ബോണി ബെന്നി തുടങ്ങിയവർ നേതൃത്വം നല്കി.