ഹോട്ടലുകളിലെ ശുചിത്വം ആരോഗ്യ വകുപ്പും പരിശോധിക്കും
Sunday, January 29, 2023 12:39 AM IST
തിരുവനന്തപുരം: ഹോട്ടലുകളിലെ ശുചിത്വവും ജീവനക്കാരുടെ ഹെൽത്ത് കാർഡും ഉൾപ്പെടെയുള്ള പരിശോധന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും നടത്തും.
പരിശോധന സംബന്ധിച്ച മാർഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കും. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാത്ത സ്ഥാപനങ്ങളിൽ പ്രവർത്തിക്കാൻ പാടില്ലെന്നും ഭക്ഷ്യ സുരക്ഷാ പരിശോധനകൾ അടുത്ത മാസം ഒന്നു മുതൽ ശക്തമാക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഹോട്ടലുകൾ, റെസ്റ്ററന്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളിലെ പൊതു ശുചിത്വം ഉറപ്പാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴിൽ 883 ഹെൽത്ത് ഇൻസ്പെക്ടർമാരും 176 ഹെൽത്ത് സൂപ്പർവൈസർമാരും 1813 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്നും 1813 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ടുമുണ്ട്.
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ 160 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. ഇവരുടെ സഹായം കൂടിയാകുമ്പോൾ ഭക്ഷ്യ സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്താനാകും.