ചെറായിയിലെ വഖഫ് ഭൂമി: ഇടക്കാല ഉത്തരവ് ഹൈക്കോടതി അന്തിമമാക്കി
Sunday, February 5, 2023 12:51 AM IST
കൊച്ചി: കൈയേറ്റമുണ്ടെന്ന് കണ്ടെത്തിയ ചെറായിയിലെ വഖഫ് ഭൂമി പോക്കുവരവു ചെയ്യുന്നതും ഈ ഭൂമിയുടെ പേരില് റവന്യൂ രേഖകള് അനുവദിക്കുന്നതും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവു ഹൈക്കോടതി അന്തിമമാക്കി.
404.76 ഏക്കര് വരുന്ന ഭൂമി വഖഫ് നിയമങ്ങള് ലംഘിച്ച് അന്യാധീനപ്പെടുത്തിയെന്നും നിയമവിരുദ്ധമായി ചിലര് കൈക്കലാക്കിയെന്നുമാരോപിച്ച് കേരള വഖഫ് സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റ് ടി.എം. അബ്ദുള് സലാം പട്ടാളം, സെക്രട്ടറി ടി.കെ. നാസര് മനയില് എന്നിവര് നല്കിയ അപ്പീലില് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്.
വഖഫ് ഭൂമി അന്യാധീനപ്പെടുന്നതു തടയണമെന്നാവശ്യപ്പെട്ട് ഇവര് നല്കിയ ഹര്ജിയില് തത്സ്ഥിതി തുടരാന് സിംഗിള് ബെഞ്ച് നേരത്തേ ഉത്തരവു നല്കിയെങ്കിലും പിന്നീട് ഭൂമി പോക്കുവരവു ചെയ്യാനും റവന്യൂ രേഖകള് നല്കാനും തടസമില്ലെന്നു വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ നല്കിയ അപ്പീലില് അവധിക്കാല ഡിവിഷന് ബെഞ്ച് ഇതുതടഞ്ഞു ഇടക്കാല ഉത്തരവു നല്കി. ഈ ഉത്തരവാണ് അന്തിമമാക്കിയത്.