ഇന്ധനസെസ്: ചോദ്യോത്തരവേളയിൽ പ്രതിഷേധവുമായി പ്രതിപക്ഷം
Tuesday, February 7, 2023 1:02 AM IST
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ബജറ്റിൽ രണ്ടു രൂപ സെസ് ചുമത്തിയതിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം.
ഇന്നലെ രാവിലെ ചോദ്യോത്തരവേള ആരംഭിക്കുന്ന സമയത്തായിരുന്നു പ്രതിപക്ഷാംഗങ്ങൾ ബാനറും പ്ലക്കാർഡുകളും ഉയർത്തി പ്രതിഷേധിച്ചത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് തീവെട്ടിക്കൊള്ളയാണെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.
പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ ഫ്ളോറിൽ പ്ലക്കാർഡുകളും ബാനറുകളും പാടില്ലെന്നും അത് ചട്ടവിരുദ്ധമാണെന്നും സ്പീക്കർ പറഞ്ഞു. ചോദ്യോത്തരവേളയോടു സഹകരിക്കണമെന്നും സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
മൂന്നു നാലു മിനിറ്റോളം പ്രതിഷേധം തുടർന്നു. പിന്നീട് പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചാണ് പ്രതിപക്ഷ എംഎൽഎമാർ ചോദ്യോത്തര വേളയിൽ പങ്കെടുത്തത്.