കാട്ടാനശല്യം : ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി
Thursday, February 9, 2023 12:00 AM IST
രാജകുമാരി: കാട്ടാന ആക്രമണങ്ങൾ രൂക്ഷമായ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ഒറ്റയാനകളെ നിരീക്ഷിക്കാൻ ദ്രുതകർമ സേന ജില്ലയിൽ സംയുക്ത പരിശോധന നടത്തി. വയനാട്, ഇടുക്കി ജില്ലകളിലെ സേനാംഗങ്ങൾ ഡ്രോണുകളടക്കം ഉപയോഗിച്ചാണ് നിരീക്ഷണം ശക്തമാക്കിയത്.
അക്രമകാരികളായ കാട്ടാനകളെ വനത്തിലേക്ക് തുരത്തണോ പിടികൂടണോ എന്ന കാര്യത്തിൽ ഇന്ന് ഇടുക്കിയിലെത്തുന്ന ചീഫ് വെറ്ററിനറി സർജൻ ഡോ. ആരുണ്സഖറിയ തീരുമാനമെടുക്കുമെന്ന് വനം വകുപ്പധികൃതർ വ്യക്തമാക്കി.
ചിന്നക്കനാൽ, സൂര്യനെല്ലി, സിങ്കുകണ്ടം, ആനയിറങ്കൽ, 301 കോളനി, പൂപ്പാറ, ശാന്തൻപാറ തുടങ്ങിയ പ്രദേശങ്ങളിൽ ഭീതി വിതയ്ക്കുന്ന കൊന്പൻമാരെ നിരീക്ഷിക്കാനാണ് വനംവകുപ്പ് ഡ്രോണടക്കം ഉപയോഗിച്ചത്. ഇതിൽ മൂന്നു കൊന്പന്മാരെ അഞ്ചു ദിവസമായി വയനാടു നിന്നെത്തിയ ദ്രുതകർമ സേനാംഗങ്ങൾ നിരീക്ഷിച്ചു വരികയാണ്.
കൊന്പന്മാർ എവിടെയാണുള്ളതെന്നു കൃത്യമായി മനസിലാക്കാനാണ് സംയുക്ത പരിശോധന നടത്തുന്നത്. ആനയ്ക്ക് മയക്കുവെടി വച്ചാൽ ഉടൻ പുറത്തെത്തിച്ചു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണം. ഇതിന് അനുയോജ്യമായ സ്ഥലം ഉൾപ്പെടെ മനസിലാക്കാനാണ് ഡ്രോണ്‍ ഉപയോഗിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച് ഉൾവനത്തിൽ തുറന്നു വിടുകയോ അല്ലെങ്കിൽ പിടികൂടി സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയോ വേണം. ഇതിൽ ഏതുവേണമെന്ന് ചീഫ് വെറ്ററിനറി സർജൻ അരുണ്‍ സക്കറിയ തീരുമാനമെടുക്കുമെന്ന് സിസിഎഫ് ആർ.എസ്.അരുണ്‍ പറഞ്ഞു.ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിനും വെല്ലുവിളികളേറെയാണ്.അതേസമയം കാട്ടാന ആക്രമണത്തിൽ ശാശ്വത പരിഹാരമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരം പൂപ്പാറയിൽ തുടരുകയാണ്.