സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം: സച്ചിൻദേവിനെതിരേ കെ.കെ. രമയുടെ പരാതി
Sunday, March 19, 2023 12:20 AM IST
തിരുവനന്തപുരം: നിയമസഭ സംഘർഷവുമായി ബന്ധപ്പെട്ടു കൈ പൊട്ടാതെ പ്ലാസ്റ്റർ ഇട്ടുവെന്ന വ്യാജ പ്രചാരണം സമൂഹ മാധ്യമങ്ങൾ വഴി നടത്തിയതുമായി ബന്ധപ്പെട്ടു സിപിഎം എംഎൽഎ കെ.എം.സച്ചിൻദേവിനെതിരേ യുഡിഎഫിലെ കെ.കെ. രമ എംഎൽഎ പരാതി നൽകി.
ആശുപത്രിയുടെ വ്യാജരേഖകളും വിവിധ ഫോട്ടോകളും ചേർത്ത് വ്യാജ നിർമിതികൾ നടത്തുന്നുവെന്നാരോപിച്ചാണ് സച്ചിൻദേവിനെതിരേ പരാതി നൽകിയത്. സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കുന്നുവെന്നതിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് നിയമസഭ സ്പീക്കർക്കും സൈബർ പോലീസ് സ്റ്റേഷനിലും രമ പരാതി നൽകിയത്.
അടിയന്തര പ്രമേയം അനുവദിക്കാത്തതിനെച്ചൊല്ലി പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിനിടെയാണു ആർഎംപി അംഗം കെ.കെ. രമയുടെ കൈയ്ക്കു പരിക്കേറ്റത്. തുടർന്നു നിയമസഭയിലെ ഡോക്ടറെ കാണിച്ചു. ഡോക്ടറുടെ നിർദേശാനുസരണം ജനറൽ ആശുപത്രിയിൽ എത്തിയാണ് കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടത്.
സച്ചിൻ ദേവിനെതിരെ വ്യാജ നിർമിതി പരാതിയാണ് രമ നൽകിയിരിക്കുന്നത്. ആശുപത്രി രേഖ എന്ന പേരിലെ പ്രചാരണത്തിന് എതിരെ യുഡിഎഫും രംഗത്തെത്തി.