ഫാരിസ് അബൂബക്കറിനെതിരേ ഇഡി അന്വേഷണം
Wednesday, March 22, 2023 12:51 AM IST
കൊച്ചി: ഫാരിസ് അബൂബക്കറിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഫാരിസിന്റെ ഭൂമിയിടപാടുകള്‍ക്കു കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെത്തുടര്‍ന്നാണ് ഇഡിയും അന്വേഷണം നടത്തുന്നത്.
കേസില്‍ ഇഡി പ്രാഥമിക വിവരശേഖരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പു സംബന്ധിച്ചായിരുന്നു അന്വേഷണം. ആദായനികുതി വകുപ്പില്‍നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇടനിലക്കാര്‍ വഴി കൊച്ചിയിലടക്കം പലയിടത്തും ലാൻഡ് ബാങ്ക് സ്വന്തമാക്കിയെന്നു നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നീക്കം. ഫാരിസ് രജിസ്റ്റര്‍ ചെയ്ത കമ്പനികളെ സംബന്ധിച്ചും ഇഡി അന്വേഷണം നടത്തും.