യുവകഥാകൃത്ത് എസ്. ജയേഷ് അന്തരിച്ചു
Thursday, March 23, 2023 2:17 AM IST
പാലക്കാട്: കഥാകൃത്തും വിവർത്തകനുമായ തേങ്കുറിശി വിളയന്നൂർ പാട്ടുമാളി ഹൗസിൽ എസ്. ജയേഷ് (46) അന്തരിച്ചു. പനി ബാധിതനായി തലകറങ്ങിവീണ് പരിക്കേറ്റതിനെത്തുടർന്ന് രണ്ടാഴ്ചയായി കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഒരു മാസം മുന്പ് കൊടുവായൂരിലെ സ്വകാര്യ ആശുപത്രിയിലാണു വീണു പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ ഏഴിനു മാഹാളികുടം വാതക ശ്മശാനത്തിൽ.
കംപ്യൂട്ടർ എൻജിനിയറായ ജയേഷ് ഒട്ടേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. തമിഴിലെ പ്രസിദ്ധ എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.
വി.വി. ശങ്കരന്റെയും, വിശാലാക്ഷിയുടെയും മകനാണ്. ഭാര്യ: പാർവതി (മനോരമ ന്യൂസ്, അരൂർ), മകൾ: ഉർസുല. സഹോദരി: ജയന്തി.