സഹനങ്ങളെ ഭയപ്പെടരുത്
Friday, March 24, 2023 1:06 AM IST
ഫാ.മൈക്കിൾ കാരിമറ്റം
“നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളിൽ ചിലരെ പിശാച് തടവിലിടാനിരിക്കുന്നു. അതു നിങ്ങൾ പരീക്ഷിക്കപ്പെടുന്നതിനുവേണ്ടിയാണ്. പത്തുദിവസത്തേക്ക് നിങ്ങൾക്കു ഞെരുക്കമുണ്ടാകും. മരണംവരെ വിശ്വസ്തനായിരിക്കുക. ജീവന്റെ കിരീടം നിനക്കു ഞാൻ നൽകും’’(വെളി 2,8-11).
ഏഷ്യാമൈനറിലെ ഒരു സുപ്രധാന തുറമുഖ നഗരമായിരുന്നു സ്മിർണ. ഇന്ന് ടർക്കിയിലെ ഇസിമീർ എന്നറിയപ്പെടുന്ന, വളരെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമാണ് ഈ പട്ടണം. വെളിപാട് പുസ്തകത്തിൽ പേരെടുത്തു പറയുന്ന ഏഴു നഗരങ്ങളിൽ ഇതു മാത്രമാണ് ഇന്നും ഒരു നഗരമായി നിലനിൽക്കുന്നത്. ബാക്കിയെല്ലാം തകർന്നുകിടക്കുന്നു.
വലിയ നഗരമാണെങ്കിലും ഒരു ചെറിയ ക്രൈസ്തവ സമൂഹമായിരുന്നു സ്മിർണായിലേത്. തന്നെയുമല്ല വലിയ മതപീഡനങ്ങൾക്ക് ഇരയായിത്തീർന്ന ഒരു സമൂഹമായിരുന്നു അത്. ഭൗതികമായി ദരിദ്രരെങ്കിലും ദൈവസ്നേഹം സമൃദ്ധമായി അനുഭവിക്കുന്നതിനാൽ അവർ സന്പന്നരാണെന്നു കർത്താവ് അവരെ അനുസ്മരിപ്പിക്കുന്നു.
ഈ ക്രിസ്തീയ സമൂഹത്തിനെതിരേ കൊടിയ മതമർദനം അഴിച്ചുവിടുന്നതിന് മുഖ്യകാരണക്കാർ അവിടെ വസിച്ചിരുന്ന യഹൂദരാണ്. സാത്താന്റെ സിനഗോഗ് എന്ന് അവരെ വിശേഷിപ്പിക്കുന്പോൾ, ക്രിസ്തുവിശ്വാസികളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന അവർ സാത്താന്റെ കൈകളിലെ ഉപകരണങ്ങളാണെന്നു നാഥൻ ഓർമിപ്പിക്കുന്നു. ആദിമക്രൈസ്തവ സമൂഹം യഹൂദരുടെ ഭാഗത്തുനിന്നു വലിയ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നു എന്ന് അപ്പസ്തോല പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവിനെ തള്ളിപ്പറയുകയും കുരിശിലേറ്റുകയും ചെയ്തവർ അവന്റെ അനുയായികളെ പീഡിപ്പിക്കുകയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതിൽ അദ്ഭുതത്തിനു വകയില്ല. നാഥൻതന്നെ ഇതിനെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നതാണ്(മർക്കോ13,13; യോഹ 16,1-4).
എന്നാൽ പീഡനങ്ങളിൽ മനം തകരരുത്. വിശ്വാസത്തിൽ ആഴപ്പെടാനുള്ള അവസരമായി മതപീഡനങ്ങളെ കരുതണം. സ്മിർണായിലെ സഭയ്ക്കു നൽകിയ നിർദേശവും വാഗ്ദാനവും ഇന്നും ഏറെ പ്രസക്തമാണ്. അനേകം രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ കഠിനമായ മതപീഡനങ്ങൾക്ക് ഇരയായിത്തീരുന്നു. മതസൗഹാർദത്തിനും മതസ്വാതന്ത്ര്യത്തിനും പേരുകേട്ട നമ്മുടെ ഭാരതത്തിൽത്തന്നെ ഇന്ന് ക്രൈസ്തവർക്കെതിരേ ശക്തമായ മതപീഡനം നടക്കുന്നു. പള്ളികൾ തകർക്കപ്പെടുന്നു, ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. മതവിദ്വേഷത്തിന്റെ വിഷം യുവമനസുകളിൽ കുത്തിവയ്ക്കുന്ന മതതീവ്രവാദികൾക്ക് എളുപ്പം കിട്ടാവുന്ന ഇരകളായി മാറുന്നു ക്രൈസ്തവർ.
ഈ നോന്പുകാലം സഹനത്തിന്റെ അർഥം ഗ്രഹിക്കാനും യേശുവിലുള്ള വിശ്വാസത്തിന്റെ പേരിൽ ഏതു സഹനവും ഏറ്റെടുക്കാനും നമ്മെ ഒരുക്കുന്നതാകണം. കുരിശെടുത്ത് തന്നെ അനുഗമിക്കാൻ ആഹ്വാനം ചെയ്തത് കുരിശിൽ മരിച്ചവനാണ്. എന്നാൽ കുരിശുമരണത്തിനപ്പുറം ഉയിർപ്പിലേക്ക് ഉയർത്തുന്ന ഉപകരണമാണ്, കുരിശിന്റെ വഴി ഉത്ഥാനത്തിലേക്കു നയിക്കുന്നു എന്നതും മറക്കാതിരിക്കാം. സഹനം നമ്മെ യേശുവിനോട് അടുപ്പിക്കും. “ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ. ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’’(യോഹ16,33).