കാർഷിക സർവകലാശാലയിൽ മദ്യലഹരിയിലെത്തിയ സംഘം കത്തിവീശി
Sunday, March 26, 2023 1:35 AM IST
മണ്ണുത്തി: വെള്ളാനിക്കര കാർഷിക സർവകലാശാല കാന്പസിൽ യുവാക്കൾ അതിക്രമിച്ചുകയറി വിദ്യാർഥികൾക്കുനേരേ കത്തിവീശി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്ത നൗഫൽ ചിക്കു എന്നയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കാന്പസിലേക്കു യുവാക്കൾ അതിക്രമിച്ചു കയറി കത്തിവീശിയ സംഭവത്തിലും കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയച്ചതിലും പ്രതിഷേധിച്ച് വിദ്യാർഥികൾ കൂട്ടത്തോടെ പ്രതിഷേധ പ്രകടനം നടത്തി.
കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. രാത്രി ഏഴരയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രധാന കവാടം കടന്ന് സെൻട്രൽ ഓഡിറ്റോറിയത്തിന് അടുത്തുവരെ എത്തി. ഇവരെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരുടെയും കാന്പസിലെ വിദ്യാർഥികളുടെയും നേരെ സംഘം തട്ടിക്കയറുകയും കത്തിവീശി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പോലീസിനെ വിളിച്ചാലും തങ്ങൾക്കു ഭയമില്ലെന്നു നിലപാടിലായിരുന്നു അക്രമികൾ. ബഹളത്തിനിടെ സംഘത്തിലെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇവരിൽ ഒരാളെ ഹോസ്റ്റൽ വാർഡന്റെയും സെക്യൂരിറ്റി ജീവനക്കാരുടെയും നേതൃത്വത്തിൽ തടഞ്ഞുവയ്ക്കുകയും മണ്ണുത്തി പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കാന്പസിൽ അതിക്രമിച്ചു കയറിയ സംഘം മദ്യലഹരിയിലായിരുന്നെന്നു പോലീസ് പറഞ്ഞു.
കോളജ് കാന്പസിലും വനിതാ ഹോസ്റ്റൽ കോന്പൗണ്ടിലും നാളുകളായി പല ക്രിമിനലുകളും അതിക്രമിച്ചുകയറുന്നുണ്ടെന്നും കോളജിൽ വിദ്യാർഥികൾക്കു സംരക്ഷണം നൽകുന്നില്ലെന്നും ആരോപിച്ചാണു വിദ്യാർഥികൾ പ്രതിഷേധം നടത്തിയത്. സെക്യൂരിറ്റി ജീവനക്കാർ കുറവാണെന്നും കൂടുതൽ പേരെ നിയോഗിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.